തിരികെ വരില്ല, അവരിൽ ഒരാൾ തോമസ് ക്രൂസ്
Friday, January 19, 2018 10:26 AM IST
കടലിന്റെ മക്കളെ കണ്ണീരിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് കടന്നുപോയതിന്റെ അന്പതാംനാളിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളിൽ ഒന്ന് തോമസിന്റേതാണെന്നു തിരിച്ചറിഞ്ഞു. അമ്മ ലില്ലി(72)യുടെ ഡിഎൻഎ പരിശോധനയിലാണു മൃതദേഹം തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളജിലെത്തിയ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഓഖി ദുരന്തത്തിൽപ്പെട്ട 105 പേരുടെ ചിത്രം സഹിതം "തിരികെത്തരുമോ ഇവരെ..’ എന്ന തലക്കെട്ടിൽ ഓരോ കുടുംബത്തിന്റെയും ആധികളും പ്രതീക്ഷകളും പങ്കുവച്ച് ഇന്നലെ ദീപിക ചിത്രങ്ങളും വാർത്തകളും നല്കിയിരുന്നു. ഇതിനിടെയാണ് ആ 105 പേരിൽ ഒരാളായ തോമസിനെ തിരിച്ചറിയുന്നത്.
നവംബർ 30നു രാവിലെ പത്തിനാണ് സുഹത്തുക്കളായ അഞ്ചുപേരടങ്ങുന്ന സംഘം വെട്ടുകാട് കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനായി കടലിൽ പോയതും അപകടത്തിൽപ്പെട്ടതും. ഡിസംബർ ഏഴിനു ചാവക്കാട് തീരക്കടലിൽ ഒരു മൃതദേഹം ഒഴുകിനടക്കുന്നെന്ന വിവരത്തത്തുടർന്ന് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ശരീരം കരയ്ക്കെത്തിച്ചത്. അഴുകിയ മൃതദേഹം ഉടൻ മോർച്ചറിയിലേക്കു മാറ്റി. ആളെ തിരിച്ചറിയാനായി മുനയ്ക്കക്കടവ് തീരദേശ പോലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ലാബിലേക്ക് ഡിഎൻഎ ഘടകം അയച്ചിരുന്നു. മൃതദേഹത്തിന്റെ ഷർട്ടിന്റെ കോളറിൽ കണ്ട ഫോണ്നന്പറിൽ ബന്ധപ്പെട്ടപ്പോൾ മധുരയിലാണ് ഫോണ് ലഭിച്ചത്. തുടർന്ന് മുനയ്ക്കക്കടവ് എസ്ഐ പോൾസന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലും അന്വേഷണം നടത്തി. തിരിച്ചറിയാനുള്ള പല ശ്രമങ്ങളും വിഫലമായതിനെത്തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിനെക്കുറിച്ച് ആലോചനയും നടത്തുന്നതിനിടെയാണ് ഡിഎൻഎ ഫലം പുറത്തുവന്നത്.
ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ അനീഷ്, വെളപ്പായ വില്ലേജ് ഓഫീസർ എം.എസ്. മുരളി, മുനയ്ക്കക്കടവ് എസ്ഐ പോൾസണ് എന്നിവരുടെ സാന്നിധ്യത്തിൽ തോമസിന്റെ സഹോദരിയുടെ മകൻ എബിൻ ആൽവിനും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
തോമസും സംഘവും സോളമൻ എന്ന ആളുടെ ഫൈബർ വള്ളത്തിലാണ് കടലിൽ പോയത്. സംഘത്തിൽ എൽവിൻ(45), ഷിബു(38), സോളമൻ(48), സോളമന്റെ അടുത്ത ബന്ധു എന്നിവരും ഉണ്ടായിരുന്നു. ഇതിൽ സോളമന്റെയും ബന്ധുവിന്റെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ലതയാണ് തോമസിന്റെ ഭാര്യ. വിദ്യാർഥികളായ ദിയയും അപ്പുവുമാണ് മക്കൾ.