തീരദേശം വറുതിയുടെ നടുവിൽ; പഞ്ഞമാസത്തേക്കാൾ ദയനീയം
Thursday, January 18, 2018 5:03 PM IST
തിരുവനന്തപുരം: തീരദേശ മേഖല ഇപ്പോൾ പഞ്ഞമാസത്തിലേതിനേക്കാൾ ദയനീയാവസ്ഥയിൽ. ഓഖി ചുഴലിക്കൊടുങ്കാറ്റ് നൂറുകണക്കിനു വള്ളങ്ങളും നിരവധി ബോട്ടുകളും മത്സ്യബന്ധന ഉപാധികളും തകർത്തെറിഞ്ഞതോടെ തീരദേശനിവാസികൾക്ക് ഉപജീവനമാർഗം തന്നെ വഴിമുട്ടി. വള്ളവും വലയും ഇല്ലാതായതോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്കു ജോലി ഇല്ലാതായി. ഇതോടെ ഇവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബങ്ങൾ മുഴുപ്പട്ടിണിയിലേക്കു തള്ളപ്പെട്ടു.
അന്നന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരാണു മത്സ്യത്തൊഴിലാളികൾ. എന്നാൽ, കഴിഞ്ഞ 50 ദിവസമായി ഇവരിലേറെപ്പേരും മത്സ്യബന്ധനത്തിനായി പോകുന്നില്ല. ഓഖി ദുരന്തത്തിന്റെ ഭീതി പരന്നതോടെ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവരും അധിക ദൂരത്തേക്കു പോകാൻ തയാറാവുന്നില്ല. 30 നോട്ടിക്കൽ മൈൽ ദൂരത്തിൽ വരെ പോയി മത്സ്യബന്ധനം നടത്തിയിരുന്ന പല മത്സ്യത്തൊഴിലാളികളും ഇപ്പോൾ മൂന്നു നോട്ടിക്കൽ മൈൽ ദൂരെ വരെ മാത്രമാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. ഇതോടെ മത്സ്യത്തിന്റെ ലഭ്യതയിലും വൻ കുറവ് അനുഭവപ്പെടുന്നു. ഇതും തീരമേഖലയിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഓഖി ചുഴലിക്കാറ്റിനു മുമ്പ് മത്സ്യബന്ധനത്തിനായി പോകുന്നതിന്റെ പകുതി മത്സ്യത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ജോലിക്കു പോകുന്നത്. ഇതോടെ ഇവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതി അതിദയനീയമായി. വരുമാനമാർഗം അടഞ്ഞതോടെ തീരമേഖലയിലെ നിരവധി വിദ്യാർഥികളുടെ പഠനം നിലച്ച സ്ഥിതിയിലാണ്. അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പൂർണമായും പഠനം ഉപേക്ഷിക്കും.
ഓഖി ചുഴലിക്കാറ്റിൽ പരിക്കേറ്റു വീട്ടിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. ഉയർന്നു പൊങ്ങിയ തിരയിൽ അകപ്പെട്ട വള്ളത്തിൽ വീണു ശരീരമാകെ ക്ഷതമേറ്റ സ്ഥിതിയിലാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളിൽ ഏറെയും. പുറമേ പരിക്കുകൾ ഒന്നും കാണുന്നില്ലെങ്കിലും ആന്തരീകാവയവങ്ങൾക്കു ക്ഷതമേറ്റിട്ടുണ്ടോ എന്നതുൾപ്പെടെ വിദഗ്ധ പരിശോധനകൾ നടത്തിയാൽ മാത്രമേ അറിയാൻ കഴിയുകയുള്ളു.
പരിക്കേറ്റവരിൽ ഏറെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇപ്പോൾ വീടുകളിൽ കഴിഞ്ഞുകൂടുകയാണ്. തീരമേഖല കേന്ദ്രീകരിച്ച് അടിയന്തര മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന ആവശ്യവും അതിശക്തമാണ്. ഇവർക്കു തുടർ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്.