സ്വർണപ്പാളി ഡയറ്റിംഗിലായിരുന്നു!
Friday, September 19, 2025 12:09 AM IST
ഔട്ട് ഓഫ് റേഞ്ച് /ജോൺസൺ പൂവന്തുരുത്ത്
എന്റെ പൊന്നേ, എന്റെ തങ്കമേ എന്നൊക്കെ സ്വർണത്തെ നോക്കി തലയിൽ കൈവച്ചു നാട്ടുകാർ നിർത്താതെ വിളിച്ചുകൊണ്ടിരിക്കുന്ന സമയം. പൊന്നമ്മയെന്നും തങ്കമ്മയെന്നും സ്വർണമ്മയെന്നുമൊക്കെ പേരു വീണവർ തല കുറച്ചുകൂടി ഉയർത്തിപ്പിടിച്ചു നടക്കുന്ന കാലം. മുകളിലേക്കു പോയ സ്വർണവില ബഹിരാകാശ നിലയം ലക്ഷ്യമാക്കി കുതിക്കുകയാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. ഇലോൺ മസ്കിന്റെ ആകാശവണ്ടിക്കു പോലും പിടികൊടുക്കാതെയുള്ള പോക്ക്. “പൊന്നിൽ കുളിച്ചുനിന്നു ചന്ദ്രികാവസന്തം...” എന്ന പാട്ട് വൈകാതെ ചന്ദ്രനിൽ കേൾക്കുമോ എന്നതേ അറിയാനുള്ളൂ.
അടിമുടി പൊന്നിൽ പൊതിഞ്ഞ് കല്യാണപ്പന്തലുകളിൽ വിലസിയ സീനിയറത്തികൾ ഇപ്പോഴത്തെ ജെൻസികളെ നോക്കി ചുണ്ടുകോട്ടി ചിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാം. അല്ലെങ്കിലും ജെൻസികൾക്കു സ്വർണമരത്തിൽ കയറുന്നതിനേക്കാൾ പ്രിയം ഡയമണ്ടിന്റെ മണ്ടയിൽ തോണ്ടിക്കൊണ്ട് ഇരിക്കുന്നതാണത്രേ. ഇങ്ങനെ തൊട്ടാൽ പൊള്ളുന്ന സ്വർണക്കഥകൾ പറഞ്ഞു നാട്ടുകാർ ത്രില്ലടിച്ചിരിക്കുന്നതിനിടയിലാണ് ശബരിമലയിൽനിന്ന് ഒരു സ്വർണക്കഥ പൊട്ടിവീണിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞ സ്വർണപ്പാളിയുടെ ചരിത്രമാണ് അടിമുടി പാളിയിരിക്കുന്നത്. കോടതികൂടി ഇടപെട്ടതോടെ പാളിയെ പൂളിയ പുള്ളികൾക്ക് പള്ളയിൽ ഒരു ആന്തൽ തുടങ്ങിയിട്ടുണ്ടാവണം.
ഇവിടെ ഭാരം കുറയ്ക്കാൻ മനുഷ്യൻ നടന്നും ഒാടിയും പട്ടിണി കിടന്നും കഷ്ടപ്പെടുന്നതിനിടയിലാണ് ചെന്നൈ വരെ പോയിട്ടു വന്ന സ്വർണപ്പാളി ഒറ്റയടിക്ക് നാലു കിലോ കുറച്ചത്. അങ്ങോട്ടു പോയപ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി തിരിച്ചെത്തിയപ്പോൾ 38 കിലോ!
കൊടുത്തുവിട്ട സ്വർണം നാലു കിലോ കുറഞ്ഞിട്ടും ദേവസ്വം മുതലാളിമാർക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ല എന്നതാണ് അതിശയകരം. അതോ അറിയാത്തതുപോലെ കണ്ണടച്ചു കിടന്നേക്കാം എന്നു കരുതിയതാണോ? പാളി മാത്രമല്ല, സ്വർണപീഠവും കാണാനില്ലെന്നാണ് സ്പോൺസർ ചെയ്ത ഭക്തന്റെ ഒടുവിലത്തെ ആരോപണം. ചിലർക്ക് മിനുക്കും അറ്റകുറ്റപ്പണിയുമൊക്കെ നറുക്കെടുപ്പിനു മുന്നേ അടിക്കുന്ന ബംപർ പോലെയാണോയെന്നൊരു സംശയം ഇല്ലാതില്ല. സ്വർണപ്പാളി മങ്ങിയെന്നും പറഞ്ഞ് വീണ്ടും പൊളിച്ചെടുത്ത് ചെന്നൈക്കു വിടുന്ന കാര്യം കോടതിയും നാട്ടുകാരും ഒക്കെ അറിഞ്ഞുവന്നപ്പോഴേക്ക് അവിടെ ഉരയ്ക്കലും ഉരുക്കലും കഴിഞ്ഞിരുന്നു. ദേവസ്വം ബോർഡിന്റെ ഉരുളൽ മാത്രമാണ് പിന്നെ ദൃശ്യമായത്.
പെട്രോൾ ആയിരുന്നെങ്കിൽ ആവിയായി പോയതാണെന്നു കരുതാമായിരുന്നെന്നും എന്നാൽ, സ്വർണം പോയത് എങ്ങനെയെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി. സ്വർണം ആവിയായതാണോ ഏതെങ്കിലും മായാവിയുടെ നാവിലായതാണോ എന്നതാണ് സംശയം. ഇനി ചെന്നൈയിലെ കനത്ത ചൂടിലെങ്ങാനും ഉണങ്ങിപ്പോയതാകുമോ? തലച്ചോറു തിന്നുന്ന അമീബയെപ്പോലെ സ്വർണച്ചോറ് കഴിക്കുന്ന ഏതോ അമീബ ദേവസ്വം ബോർഡിന്റെ മൂക്കിൽ കയറിയിട്ടുണ്ടെന്നു തോന്നുന്നു. എങ്കിൽ കാര്യമായ ക്ലോറിനേഷൻ വേണ്ടിവരും. അന്വേഷണം കഴിയുമ്പോൾ ചെന്നൈയിൽ പോയ സ്വർണപ്പാളി ഡയറ്റിംഗിൽ ആയിരുന്നെന്നും അങ്ങനെ നാലു കിലോ കുറച്ചതാണെന്നും ഭക്തർ വിശ്വസിക്കേണ്ടി വരുമോയെന്തോ?
മിസ്ഡ് കോൾ
ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ഫോട്ടോ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
- വാർത്ത
ചോരില്ലാ കളർ!