മുസ്‌ലിം ലീഗിനെ ചേർത്തു പിടിച്ച നേതാവ്
മുസ്‌ലിം ലീഗിനെ ചേർത്തു പിടിച്ച നേതാവ്
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ ചേർത്തുപിടിച്ച നേതാവായിരുന്നു കോൺഗ്രസിന്‍റെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലീഗിനു താങ്ങായി നിന്ന് പാണക്കാട് കുടുംബവുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

അവസാന യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അമിതമായ പ്രാധാന്യം നൽകിയെന്ന വിമർശനം നേരിട്ടപ്പോൾ യുഡിഎഫിലെ വിശ്വസ്ത കക്ഷിയെന്ന നിലയിൽ അർഹിച്ച പ്രാധാന്യമാണ് നൽകിയയെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിശദീകരണം.

രണ്ടു സീറ്റിന്‍റെ ഭൂരിപക്ഷത്തിൽ ഭരണത്തിലെത്തിയ മന്ത്രിസഭക്ക് നിലനിൽക്കണമെങ്കിൽ ലീഗിനെ തൃപ്തിപ്പെടുത്തിയേ മതിയാകൂവെന്നായിരുന്നു ഉമ്മൻ ചാണ്ടി തിയറി. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധവും ലീഗിനെ യുഡിഎഫിൽ ഉറപ്പിച്ചു നിർത്തുവാനും ഉമ്മൻ ചാണ്ടി തുണയായി.

അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്മാരായിരുന്ന പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ലീഗിനും യുഡിഎഫിനും നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ പാണക്കാട്ട് പാഞ്ഞെത്താൻ ഉമ്മൻചാണ്ടി മടി കാണിച്ചിരുന്നില്ല.


ഭരണ തലത്തിൽ നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ഉമ്മൻ ചാണ്ടി പാണക്കാട്ട് ലീഗ് നേതാക്കളുമായി ചർച്ചയ്ക്കെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. ഐസ്ക്രീം വിവാദത്തിൽ ലീഗ് ആടിയുലഞ്ഞപ്പോൾ പല നേതാക്കളും ലീഗിനെ കൈവിട്ടപ്പോഴും പി.കെ. കുഞ്ഞാലിക്കുട്ടിക്ക് താങ്ങായി നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു.

നിയമം നിയമത്തിന്‍റെ വഴിക്കു പോകും എന്നായിരുന്നു പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. അഞ്ചാം മന്ത്രി വിവാദത്തിൽ സംസ്ഥാന രാഷ്ട്രീയം ഇളകി മറഞ്ഞപ്പോഴും സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനം മറി കടന്നാണ് ഉമ്മൻ ചാണ്ടി ലീഗിന്‍റെ പ്രശ്നം പരിഹരിച്ചത്.

പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട ഉമ്മൻ ചാണ്ടിയുടെ തിരിച്ചു വരവിന് ലീഗ് പിൻബലം നൽകി. യുഡിഎഫിന്‍റെ വിഷമ-പ്രതിസന്ധി ഘട്ടങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന ആര്യാടൻ മുഹമ്മദുമായി വിഷയങ്ങൾ ചർച്ച ചെയ്യാനും ഉമ്മൻ ചാണ്ടി ശ്രദ്ധ ചെലുത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.