കോട്ടയംപോലെ ഉമ്മന്‍ചാണ്ടിക്ക് പത്തനംതിട്ടയും
കോട്ടയംപോലെ ഉമ്മന്‍ചാണ്ടിക്ക് പത്തനംതിട്ടയും
സ്വന്തം ജില്ലയായ കോട്ടയത്തിനു നല്‍കിയ അതേ പ്രാധാന്യം ഉമ്മന്‍ ചാണ്ടി അയല്‍ ജില്ലയായ പത്തനംതിട്ടയ്ക്കും നല്‍കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന അവസരത്തിലാണ് അദ്ദേഹത്തിന്‍റെ ഈ കരുതല്‍ പത്തനംതിട്ടക്കാര്‍ കൂടുതല്‍ അനുഭവിച്ചത്.

ജില്ലയുടെ സമഗ്രവികസനത്തിനുതകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നു മാത്രമല്ല, ജനങ്ങളുടെ തീരാദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ആഗ്രഹത്തോടെ നടപടികളും ഉത്തരവുകളും ഉണ്ടായി. കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയാണ്.

സംസ്ഥാനത്ത് ഇനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത എല്ലാ ജില്ലകളിലും അതുണ്ടാകണമെന്ന ആഗ്രഹത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ആദ്യം തറക്കല്ലിട്ടത് കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനാണ്.

തന്‍റെ സര്‍ക്കാരിന്‍റെ കാലത്തുതന്നെ കോന്നിയിലെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്‍റെ ആദ്യഘട്ടം ഭാഗികമായി പൂര്‍ത്തീകരിച്ചതിനു പിന്നാലെ താത്കാലിക അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് നിര്‍ദേശം വന്നു. ഇതിനായി കെട്ടിട സൗകര്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

മെഡിക്കല്‍ കോളജിനൊപ്പം നഴ്സിംഗ് കോളജിനും അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ എല്ലാ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു. പിന്നീട് നഴ്സിംഗ് കോളജ് ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായത് ഇപ്പോഴാണ്. മെഡിക്കല്‍ കോളജാകട്ടെ പൂര്‍ണസജ്ജമായിട്ടുമില്ല.

ശബരിമല വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞത് ഉമ്മന്‍ ചാണ്ടി 2005ല്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ ഇതിന്‍റെ തുടര്‍ പ്രവര്‍ത്തനമുണ്ടായി. മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ പ്രശ്നം, വന്യമൃശല്യം, മരംമുറിക്കല്‍ വിഷയങ്ങള്‍ ഇവയിലൊക്കെ സജീവമായ ഇടപെടല്‍ ഉണ്ടായി.


ഇതിനൊക്കെ പരിഹാരം ഉണ്ടാകുകയെന്ന ലക്ഷ്യത്തോടെ പല ഉത്തരവുകളിലും മാറ്റങ്ങള്‍ വരുത്തി ജനോപകാരപ്രദമാക്കി പുതുക്കി ഇറക്കി. കാട്ടാന ശല്യം ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജൈവവേലി നട്ടുവളര്‍ത്തുന്ന പരിപാടി നേരിട്ടെത്തി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി താത്പര്യം കാട്ടി.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, റിംഗ് റോഡ് വികസനത്തിന്‍റെ പൂര്‍ത്തീകരണം, ശബരിമല ഇടത്താവളം തുടങ്ങിയ പദ്ധതികളിലൊക്കെ ഉമ്മന്‍ ചാണ്ടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അദ്ദേഹത്തെ ഒഴിവാക്കാനാകുമായിരുന്നില്ല.
ജില്ലയിലെ കോണ്‍ഗ്രസിന്‍റെ ഓരോ തീരുമാനവും അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു.

വിപുലമായ അനുയായിവൃന്ദമാണ് പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നതെന്ന് ഡിസിസി മുന്‍ പ്രസിഡന്‍റ് പി. മോഹന്‍രാജ് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പരിഹാരം ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയോടെ ഫോണ്‍വിളിയോ ഒക്കെയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.