പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ "ഉമ്മൻചാണ്ടീ...’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി
പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ "ഉമ്മൻചാണ്ടീ...’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച്  ജനകീയനായ മുഖ്യമന്ത്രി ബിനു ജോർജ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിവേഷത്തോടെ, പോലീസ് അകന്പടിയിൽ സ്കൂളിലേക്ക് വരുന്പോഴാണ് സദസിൽനിന്ന് ഉറക്കെയുള്ള ആ വിളി കേട്ടത്; "ഉമ്മൻചാണ്ടീ...’. എല്ലാവരും തിരിഞ്ഞുനോക്കി. ഏറിപ്പോയാൽ പത്തോ പന്ത്രണ്ടോ വയസുവരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അപമാനഭാരം കൊണ്ട് ഹെഡ്മാസ്റ്ററുടെ തല കുനിഞ്ഞു.

ആദരണീയനായ കേരളത്തിന്‍റെ മുഖ്യമന്ത്രിയെ പേരെടുത്തു വിളിച്ച പെണ്‍കുട്ടിയോടുള്ള ദേഷ്യമാണ് ചുറ്റിലുമുണ്ടായിരുന്നവരുടെ മുഖത്ത് നിഴലിച്ചത്. "സോറി, സാർ’, സ്കൂൾ അധികൃതർ ക്ഷമാപണവുമായി ഉമ്മൻചാണ്ടിക്കു ചുറ്റുമെത്തി. അദ്ദേഹം അതൊന്നും വകവച്ചില്ല. ആ പെണ്‍കുട്ടിയെ വാത്സല്യപൂർവം ചേർത്തു നിറുത്തി.

പേരെന്താ?; ശിവാനി. പിതൃതുല്യമായ ആ വാത്സല്യം അനുഭവിച്ചതോടെ ശിവാനി മനസു തുറന്നു. സാർ, എന്‍റെ ക്ലാസിലൊരു കുട്ടിയുണ്ട്. അമൽ കൃഷ്ണ. അച്ഛനും അമ്മയും രോഗിയാണ്. വീട്ടിൽ കഷ്ടപ്പാടാണ്. അവർക്കൊരു വീട് വച്ച് കൊടുക്കുമോ സാർ? ശിവാനിയെ ആശ്വസിപ്പിച്ച് സ്റ്റേജിലേക്ക് കയറിയ ഉമ്മൻചാണ്ടി ആദ്യം നടത്തിയ പ്രഖ്യാപനം അമൽ കൃഷ്ണയ്ക്ക് വീട് നിർമിച്ചു നൽകുമെന്നാണ്.


അധികം വൈകാതെ നടന്ന തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരാണ് അധികാരത്തിലേറിയത്. യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിനാൽ അമൽ കൃഷ്ണയുടെ വീട് നിർമാണം അനിശ്ചിതത്തിലായി. കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കൾ ഈ വിവരം ഉമ്മൻചാണ്ടിയെ അറിയിച്ചു. ഉടൻ തന്നെ അദേഹം ഇടപെട്ട് വീട് നിർമാണത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. അങ്ങനെ ഏലത്തൂരിൽ വീട് നിർമാണം പൂർത്തിയായി.

പാലുകാച്ചലിന് ഉമ്മൻചാണ്ടിയെ ക്ഷണിച്ചു. സാധാരണയായി ഉമ്മൻചാണ്ടി മധുരം കഴിക്കാറില്ല. പക്ഷെ അന്ന് അദ്ദേഹം ഒരു ഗ്ലാസ് പായസം കുടിച്ചു- കോഴിക്കോട് നടക്കാവ് ട്രെയിനിംഗ് സ്കൂളിൽ നടന്ന "ഉമ്മൻചാണ്ടി’ വിളിക്കും പിന്നീട് അമൽ കൃഷ്ണയുടെ വീടിന്‍റെ പാലുകാച്ചലിനും സാക്ഷിയായ മുൻ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ.സി. അബുവിന്‍റെ മനസിൽ മായാതെ നിൽക്കുന്ന ഒരു അനുഭവമാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.