ആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്
ആൾക്കൂട്ടത്തിലലിഞ്ഞ നേതാവ് റെ​ജി ജോ​സ​ഫ്
പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ്ങും പകര്‍ന്ന മഹാവൃക്ഷം.

മുഖ്യമന്ത്രിയായിരിക്കെ ഉണ്ണാതെ ഉറങ്ങാതെ ഒന്നര രാവും പകലും തുടരെ ജനസമ്പര്‍ക്കപരിപാടി നടത്തിയ കാലത്ത് ജനാവലിക്കു നടുവില്‍ ഫയല്‍ക്കെട്ടുമായി ഒരേ നില്‍പു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ പൂരപ്പറമ്പാണ് മനസിലെത്തുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആള്‍പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി.

ആവുന്നിടത്തോളം സമയം ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആവശ്യങ്ങളില്‍ പങ്കുചേരുക എന്നതല്ലാതെ സ്വകാര്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിക്കു നിഷ്ഠയുണ്ടായിരുന്നില്ല. ഭക്ഷണത്തിലെ രുചിയിലോ സ്വന്തം മേക്കപ്പിലോ ഒന്നും ശ്രദ്ധയില്ലാത്ത ജീവിതം. പിഞ്ചിപ്പിന്നിയ ഷര്‍ട്ടും അലസമായി പാറുന്ന മുടിയും. ലോകം വാഴ്ത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാലത്ത് ഓട്സും മോരും വെള്ളവും മാത്രം ദിവസങ്ങളോളം ഭക്ഷിച്ച് ജനാവലിക്കിടെ ജീവിച്ചയാള്‍.

സ്വന്തമായി വാച്ചും മൊബൈല്‍ ഫോണുമില്ലെങ്കിലും കൃത്യനിഷ്ഠപാലിക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നില്ല. എന്തുകൊണ്ട് വാച്ച് കെട്ടുന്നില്ലെന്നു ചോദിച്ചാല്‍ തിരക്കുമൂലം അത് എവിടെയെങ്കിലും മറന്നുവയ്ക്കുകയോ കൈയില്‍ കെട്ടിനിന്ന് കുളിക്കുകയോ ചെയ്യുമെന്നായിരുന്നു ഒരിക്കല്‍ ലേഖകനു നല്‍കിയ മറുപടി.

ജനത്തിനിടയില്‍ മാത്രം കഴിയാന്‍ ആഗ്രഹിക്കുന്നതിനാല്‍ അടുത്ത നില്‍ക്കുന്ന ആള്‍ അറിയാതെ അവരുടെ കൈയിലെ വാച്ചില്‍ നോക്കി സമയം അറിയുമെന്നും മോമ്പൊടി. ഇടതടവില്ലാതെ വന്നിരുന്ന ഫോണ്‍ കോളുകളൊക്കെ എത്തിയിരുന്നത് സന്തത സഹചാരിയായിരുന്ന സുരേന്ദ്രന്‍റെയോ ഡ്രൈവറുടെയോ ഒക്കെ ഫോണുകളിലായിരുന്നു.

1970ലെ ഒന്നാം തെരഞ്ഞെടുപ്പില്‍ മാത്രമേ ഉമ്മന്‍ ചാണ്ടിക്കു മത്സരം കടുത്തതായി അനുഭവപ്പെട്ടുള്ളൂ. പിന്നീടു വന്ന ഓരോ ഇലക്ഷനുകളിലും തീപാറുന്ന പോരാട്ടമെന്നും ഇഞ്ചോടിഞ്ച് മത്സരമെന്നുമൊക്കെ പത്രങ്ങള്‍ എഴുതിയപ്പോഴും ഉമ്മന്‍ ചാണ്ടിക്കു ചാഞ്ചല്യമുണ്ടായിരുന്നില്ല. ജനപിന്തുണയുടെ ഗ്രാഫ് ഓരോ മുഖത്തു നിന്നും വായിച്ചറിയാന്‍ പ്രാഗത്ഭ്യമുള്ളയാള്‍ക്ക് എന്തിനു ടെന്‍ഷന്‍. വ്യക്തിജീവിതത്തില്‍ ശത്രുക്കളും പ്രതിയോഗികളും ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല.

ഹമ്പിള്‍, സിമ്പിള്‍ എന്ന് വാക്ക് പുതുപ്പള്ളിക്കാരും കേരളജനതയും മനഃപാഠമാക്കിയത് ഉമ്മന്‍ ചാണ്ടിയെ കണ്ടും കേട്ടുമാണ്. മാടക്കടയും ഷോപ്പിംഗ് മാളും ബാര്‍ബര്‍ ഷോപ്പും സ്വര്‍ണക്കടയും ഒരേ ലാഘവത്തോടെ ഉദ്ഘാടനം ചെയ്യുന്നയാള്‍. ബംഗ്ളാവിലേക്കും ഓലപ്പുരയിലേക്കും കടന്നു ചെന്നാല്‍ ചെരുപ്പൂരി മുറ്റത്തിട്ടശേഷം നിറപുഞ്ചിരിടെ വീട്ടുകാരുടെ പേരുവിളിച്ചു കടന്നുചെല്ലുന്ന സൗഹൃദം. പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കു പേരു ഹൃദിസ്ഥമല്ലാത്ത വോട്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അടുത്ത കാലത്ത് വന്നും പോയും നില്‍ക്കുന്ന ഇതര സംസ്ഥാന അതിഥി തൊഴിലാളികള്‍ ഒഴികെ മറ്റാരുമില്ല.

കുഞ്ഞൂഞ്ഞിനു രാഷ്ട്രീയം കുഞ്ഞുകളിയായിരുന്നില്ല. പന്ത്രണ്ടാം വയസില്‍ തുടങ്ങിയ കെഎസ് യു പ്രവര്‍ത്തനം അടയാളമാക്കിയാല്‍ 60 വര്‍ഷമായി പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പുതുപ്പള്ളി കരോട്ടു വള്ളക്കാലില്‍ വീട്ടില്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ വികാരം ഉള്‍ക്കൊണ്ടാണ് വളര്‍ന്നത്.

ആറാം വയസില്‍ വല്യപ്പന്‍റെ തോളില്‍ ഇരുന്ന് ജവഹര്‍ലാല്‍ നെഹ്രുവിനെ കാണാന്‍ കോട്ടയത്തിനു പോയതിന്‍റെയും നെഹ്രുവിനെ ഹാരം അണിയച്ചതിന്‍റെയും ഓര്‍മ ഒരിക്കല്‍ നടത്തിയ അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കുവച്ചിരുന്നു.

കോണ്‍ഗ്രസുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പില്‍ക്കാലത്ത് ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, പി.വി. നരസിംഹറാവു, ഡോ. മന്‍മോഹന്‍സിംഗ്, രാഹുല്‍ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ തലമുറകളുമായി പുലര്‍ത്തിപ്പോന്നു.

പുതുപ്പള്ളി പള്ളിയില്‍ ഓശാപ്പെരുന്നാളിന് ഓല വാങ്ങി ഖദര്‍ മുണ്ടിന്‍റെ അഗ്രം കൈയില്‍ പിടിച്ച് നാട്ടിന്‍പുറത്തുകാരനെപ്പോലെ അയല്‍ക്കാര്‍ക്കൊപ്പം നടന്നുപോയിരുന്ന മുഖ്യമന്ത്രി. സ്റ്റേറ്റ് കാര്‍ നിറുത്തി പുതുപ്പളളി കവലയിലെ മാടക്കടക്കാരനോടും ചുമട്ടുകാരനോടും കുശലം പങ്കുവച്ചിരുന്ന ജനകീയന്‍.

വിവാദമുയര്‍ത്തിയ ട്രെയിന്‍ യാത്രയിലെ സ്ത്രീയോ സോളാര്‍ കേസിലെ സ്ത്രീയോ എന്തുമാവട്ടെ തനിക്കെതിരേ കെട്ടിച്ചമച്ചതൊന്നും നിലനില്‍ക്കില്ലെന്നും അതൊക്കെ കാലം തിരുത്തി ലോകത്തെ കാണിക്കുമെന്നുമാണ് ഇദ്ദേഹത്തിലെ ഈശ്വരവിശ്വാസി ആവര്‍ത്തിച്ചിരുന്നത്.


ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാപ്രവേശനത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ഒരു അനുഭവം ഇങ്ങനെ: ഉമ്മന്‍ ചാണ്ടി ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്‍റെ ചുമതല വഹിക്കുന്ന കാലം. ഒരു ഇലക്ഷന്‍ പ്രചാരണത്തിനിടെ കാല്‍തട്ടി ഉമ്മന്‍ ചാണ്ടിയുടെ കാല്‍ നന്നായി മുറിഞ്ഞു ചോര വാര്‍ന്നൊഴുകുന്നു.

ഇതൊന്നും ഉമ്മന്‍ ചാണ്ടി അറിയുന്നുമില്ല. ഹെലികോപ്ടറിലിരിക്കെ രാഹുല്‍ ഗാന്ധി ചാണ്ടിജീ കാലില്‍ എന്തുപറ്റി എന്നു ചോദിച്ചപ്പോഴാണ് മുണ്ട് അപ്പാടെ രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നത് ഉമ്മന്‍ ചാണ്ടി കാണുന്നത്. രാഹുല്‍ ഗാന്ധി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാള്‍ നല്‍കി കാലില്‍ മുറിവ് കെട്ടാന്‍ പറഞ്ഞു. ആ ഷാള്‍ കാലില്‍ കെട്ടി കൊടുംചൂട് വകവയ്ക്കാതെ ആ പകല്‍ മുഴുവന്‍ ഉമ്മന്‍ ചാണ്ടി പ്രചാരണം തുടര്‍ന്നു.

ഇത്തരം എത്രയോ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍. കോട്ടയം ഡിസിസി ഓഫീസില്‍നിന്ന് അര്‍ധരാത്രി പുതുപ്പള്ളി വരെ നടന്നു പോയിരുന്ന നേതാവ്. ഇലക്ഷന്‍ പ്രചാരണകാലത്ത് 20 കിലോമീറ്റര്‍ വരെ നടന്ന് വീടുകയറി വോട്ടുതേടിയിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. എക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാറില്‍ പ്രവര്‍ത്തകരുടെ തിക്കും തിരക്കും പതിവാണ്. ഉമ്മന്‍ ചാണ്ടിക്ക് ഇരിക്കാന്‍ ഇടമില്ലാതെ പ്രവര്‍ത്തകരുടെ മടിയില്‍ ഇറുന്നു യാത്ര ചെയ്ത എത്രയോ സംഭവങ്ങള്‍.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്‍റെ റിക്കാര്‍ഡ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍നിന്നു തുടര്‍ച്ചയായി നിയമസഭയിലെത്തി. രണ്ടുതവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. തൊഴില്‍, ആഭ്യന്തരം, ധനകാര്യം തുടങ്ങി എറെക്കുറെ എല്ലാ വകുപ്പുകളുടെയും മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

സ്വന്തം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയും വരെയായി പ്രവര്‍ത്തിച്ചതിന്‍റെ രാഷ്ട്രീയ പാരമ്പര്യം. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടം.

രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും അദ്ദേഹത്തെ ഉലയാതെ നിര്‍ത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. ലാളിത്യമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മുഖമുദ്ര.

പാമ്പാടി പൊത്തന്‍പ്പുറം മാര്‍ കുറിയാക്കോസ് ദയറാപ്പള്ളിയില്‍ നടന്ന വിവാഹത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ സഹധര്‍മിണി മറിയാമ്മ ഉമ്മന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാഹത്തിന് ആഘോഷമൊന്നുമുണ്ടായിരുന്നില്ല. മന്ത്രിയായിരിക്കെയായിരുന്നു കല്യാണം. ഒരു മന്ത്രകോടി മാത്രമേ വസ്ത്രമായി കല്യാണത്തിന് വാങ്ങിയിരുന്നത്. ഓരോ കപ്പ് ചായയും ഒരു കേക്കു കഷ്ണവും മാത്രമായിരുന്നു വിളമ്പിയത്. കല്യാണം കഴിഞ്ഞ് പള്ളിയില്‍നിന്ന് മടങ്ങിയശേഷം അന്നും അദ്ദേഹം കോണ്‍ഗ്രസിന്‍റെ ഒരു യോഗത്തിന് പോയിരുന്നു.

മുടിവെട്ടാന്‍ ബാര്‍ബര്‍ ഷോപ്പില്‍പോലും പോകാന്‍ നേരമില്ലാത്ത തിരക്ക്. ഉമ്മന്‍ ചാണ്ടിയുടെ മുടി തോളോളവും കൃതാവ് ചെവിക്കു താഴേയും നീണ്ടു വളര്‍ന്ന് അലസമായി പാറിയിരുന്ന കാലം. കാല്‍ നൂറ്റാണ്ടോളം ഉമ്മന്‍ ചാണ്ടിയുടെ മുടി വെട്ടിക്കൊടുത്തിരുന്നത് സഹധര്‍മിണി മറിയാമ്മയായിരുന്നു. മറിയാമ്മ മുടി വെട്ടുമ്പോഴും ഉമ്മന്‍ ചാണ്ടി പത്രം വായനയിലായിരിക്കും. ഒരു മിനിറ്റുപോലും വെറുതെ ഇരിക്കാന്‍ ഇഷ്ടപ്പെടാത്ത തിരക്കിന്‍റെ മനുഷ്യന്‍.

കോട്ടയം ജന്‍മം കൊടുത്ത ഒരു നിര നേതാക്കളില്‍ പേരുകൊണ്ടും പെരുമകൊണ്ടും ഉമ്മന്‍ ചാണ്ടി അതികായനായിരുന്നു. പല കാലങ്ങളില്‍ രാഷ്ട്രീയവും മുന്നണികളും മാറി വന്നപ്പോഴും വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ നേരിയ വീഴ്ച പോലുമുണ്ടായിട്ടില്ല. കെ.എം. മാണിയോടും തനിക്കെതിരേ മത്സരിച്ച വി.എന്‍. വാസവനോടും ഉള്‍പ്പെടെ വലിയവരും ചെറിയവരുമായ എല്ലാവരോടും ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.