അവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ
അവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ആഘോഷിച്ച സ്മരണയിൽ ആലുവ. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ പാലസിൽ വിശ്രമിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പിറന്നാളും എത്തിയത്. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും പ്രത്യേക സാഹചര്യത്തിൽ ആഘോഷം ആലുവയിലേക്ക് മാറ്റുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എഴുപത്തിയൊൻപതാം പിറന്നാള്‍ ആഘോഷം ആലുവ പാലസിലെ പുതിയ അനക്സ് കെട്ടിടത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവരം പുറത്തായതോടെ ഒക്ടോബർ 31 രാവിലെ ആദ്യ പിറന്നാൾ ആശംസയുമായി പാലസിലെത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. മുൻ മുഖ്യമന്ത്രിക്ക് എഴുപത്തിയൊൻപതാം പിറന്നാള്‍ ആശംസകളോടൊപ്പം പൂച്ചണ്ട് കൈമാറി. കുടുംബാംഗങ്ങളോടും മമ്മൂട്ടി വിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്.

രാവിലെ കോൺഗ്രസ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നടൻ ജയറാം വീഡിയോ കോളിലൂടെ ആശംസ നേർന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയപ്പോൾ പാലസ് അന്ന് അപൂർവ്വ പിറന്നാൾ ആഘോഷത്തിന് സാക്ഷിയായി. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനും സുഖാന്വേഷണവുമായി പാലസിലെത്തി.


പാലസിലെ പിറന്നാൾ ദിന ആലോഷത്തിന് സമാപനം കുറിച്ചത് ആന്ധ്ര സ്വദേശിയും ഭിന്നശേഷിക്കാരിയുമായ അലമേലുവിന് സ്വന്തമായി ഭൂമി നൽകിക്കൊണ്ടാണ്. വീട് നിർമിക്കുന്നതിനായി ശ്രീമൂലനഗരം മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് വി.വി. സെബാസ്റ്റ്യന്‍റെ സഹോദരൻ ഫ്രാൻസിസ് വടക്കുംചേരിയാണ് മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി നൽകിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.