ഡി പോൾ; മെസിയുടെ കാവലാൾ
Friday, December 16, 2022 11:23 AM IST
ലയണൽ മെസിയുടെ ബോഡിഗാർഡ് എന്നാണ് റോഡ്രിഗൊ ഡി പോൾ അറിയപ്പെടുന്നത്. എനിക്ക് മെസിയെ ഏറ്റവും ഇഷ്ടമാണ്, അദ്ദേഹത്തിന് എന്നെയും എന്നാണ് ഡി പോൾ പറയുന്നതുപോലും. അത് കളത്തിലും കളത്തിനു പുറത്തും അങ്ങനെതന്നെയാണ്. 2021 കോപ്പ അമേരിക്ക അർജന്റീന സ്വന്തമാക്കിയപ്പോഴും 2022 ഖത്തർ ലോകകപ്പിലും ഡി പോളും മെസിയും തമ്മിലുള്ള കെമിസ്ട്രിയാണ് അർജന്റീനയുടെ കരുത്ത്.
ഖത്തർ ലോകകപ്പ് ആറ് മത്സരങ്ങളിൽ ഇറങ്ങിയ റോഡ്രിഗൊ ഡി പോൾ ഫൈനൽ തേർഡിൽ ഏറ്റവും അധികം പാസ് നൽകിയ കളിക്കാരനാണ്. ഖത്തർ ലോകകപ്പിൽ ഇതുവരെ മറ്റൊരു താരത്തിനും ഫൈനൽ തേർഡിൽ ഡി പോളിന്റെ പാസിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. 160 പാസുകളണ് ഫൈനൽ തേർഡിൽ റോഡ്രിഗൊ ഡി പോൾ നടത്തിയത്. അതിൽ 121 എണ്ണവും വിജയിച്ചു, പാസിംഗ് കൃത്യത 76 ശതമാനം.
2021 കോപ്പ അമേരിക്കൻ ഫൈനലിൽ ബ്രസീലിനെ 1-0ന് അർജന്റീന കീഴടക്കിയപ്പോൾ എയ്ഞ്ചൽ ഡി മരിയയ്ക്ക് ഗോളിലേക്കുള്ള പാസ് നൽകിയത് റോഡ്രിഗൊ ഡി പോൾ ആയിരുന്നു എന്നതും ചരിത്രസത്യം. അതും ഫൈനൽ തേർഡിലേക്ക് മധ്യവരയ്ക്ക് സമീപത്തുനിന്നുള്ള ഒരു ലോംഗ് ഹൈ ബോൾ!
ഗ്രീസ്മാൻ x ഡിപോൾ
ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് മധ്യനിരക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽകൂടിയാകും ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30ന് അരങ്ങേറുന്ന അർജന്റീന x ഫ്രാൻസ് ഫൈനൽ. ഫ്രാൻസിന്റെ മധ്യനിര നിയന്ത്രിക്കുന്ന ആൻത്വാൻ ഗ്രീസ്മാനും അർജന്റീനയുടെ മധ്യനിരയിലെ സിരാകേന്ദ്രമായ ഡി പോളും തമ്മിലുള്ള നേരിട്ടേറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
കളത്തിൽ മെസിയെ തൊട്ടാൽ ഡി പോളിന്റെ രക്തം തിളയ്ക്കുമെന്നതും മറ്റൊരു വാസ്തവം. 2022 സെപ്റ്റംബറിൽ ഹോണ്ടുറാസ് താരം മെസിയെ തോളുകൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോൾ ആദ്യം ഓടിയെത്തിയതും എതിർ ടീമുകളോട് തട്ടിക്കയറിയതും ഡി പോൾ ആയിരുന്നു.