ലാസ്റ്റ് & ഫൈനൽ!
Thursday, December 15, 2022 10:23 AM IST
തന്റെ അവസാന ഫിഫ ലോകകപ്പ് ഫുട്ബോൾ ആയിരിക്കും ഖത്തറിലേതെന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. സെമി ഫൈനലിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തശേഷമാണ് മെസി ഇക്കാര്യം അറിയിച്ചത്.
2026 ഫിഫ ലോകകപ്പിൽ മെസി ഉണ്ടാകില്ല. കാൽപ്പന്ത് ലോകത്തിലെ അതുല്യതാരത്തിന്റെ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരിക്കും 18നു നടക്കുന്ന ഫൈനൽ എന്നു ചുരുക്കം. ഞായർ ഇന്ത്യൻ സമയം രാത്രി 8.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഖത്തർ ലോകകപ്പ് ഫൈനലോടെ ലയണൽ മെസി ഫിഫ പോരാട്ടവേദിയോട് വിടപറയും. ലോകകപ്പ് ട്രോഫി എന്ന സ്വപ്നയാത്രയിലാണ് ലയണൽ മെസി.
ഇത്രയും മുന്നേറാൻ സാധിച്ചു എന്നതിൽ ഞാൻ അതീവസന്തുഷ്ടനാണ്. ലോകകപ്പ് യാത്ര ഇത്തവണത്തെ ഫൈനലോടെ നിർത്താൻ സാധിക്കും എന്നത് വലിയകാര്യമാണ്. അർജന്റീന ഒരിക്കൽക്കൂടി ലോകകപ്പ് ഫൈനലിൽ എത്തിയിരിക്കുന്നു, ആസ്വദിക്കുക.
കഠിനമായ വഴി താണ്ടിയാണ് നമ്മൾ ഇവിടെ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ തോൽവിക്കുശേഷം പിന്നീടുള്ളതെല്ലാം നോക്കൗട്ട് പ്രതീതിയുള്ള മത്സരങ്ങളായിരുന്നു - ലയണൽ മെസി സെമിഫൈനൽ ജയത്തിനുശേഷം പറഞ്ഞു.