ലോകകപ്പ് ചാന്പ്യന് കിട്ടുക 346.16 കോടി രൂപ!
Wednesday, December 14, 2022 12:05 PM IST
ക്രിക്കറ്റ് താരങ്ങൾക്കു ലഭിക്കുന്ന കോടികളുടെ കണക്ക് കേൾക്കുന്പോൾതന്നെ മൂക്കത്ത് വിരൽ വയ്ക്കാറുണ്ട് പലരും. ഇത്രയധികം കോടികളോ! എന്നാൽ, ലോകകപ്പ് ഫുട്ബോൾ മത്സരത്തിനെത്തുന്ന ടീമുകൾക്കു ലഭിക്കുന്ന കോടികളുടെ കണക്കു കേട്ടാൽ ശരിക്കും ഞെട്ടും.
ഇത്തവണ കഴിഞ്ഞ ലോകകപ്പിന് നൽകിയതിലും കൂടുതൽ തുകയാണ് ഫിഫ നൽകുന്നത്. സ്വർണക്കപ്പിനു പുറമേ ചാന്പ്യന്മാരാകുന്ന ടീമിനെ കാത്തിരിക്കുന്നത് വൻ തുകയാണ്. 42 മില്യണ്‍ ഡോളർ! അതായത് 346.16 കോടി രൂപ! രണ്ടാം സ്ഥാനം നേടുന്നവർക്ക് ലഭിക്കുക 30 മില്യണ്‍ ഡോളർ. 247.26 കോടി രൂപ. മൂന്നാം സ്ഥാനത്തെത്തുന്നവർക്കുമുണ്ട് കോടികൾ. 222.53 കോടി രൂപ. നാലാം സ്ഥാനക്കാർക്ക് 206.05 കോടി രൂപ ലഭിക്കും.
ഇതിനെല്ലാം പുറമേ ക്വാർട്ടറിലെത്തുന്നവരെയും ഫിഫ വെറുംകൈയോടെ മടക്കിവിട്ടില്ല. അവർക്കുമുണ്ട് കോടികളുടെ കിലുകിലുക്കം. 140.11 കോടി രൂപ വീതം എല്ലാ ടീമിനും നൽകും. പ്രീക്വാർട്ടറിലെത്തിയ ടീമുകൾക്കും ലഭിക്കും, 107.14 കോടി രൂപ വീതം.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ബാക്കിയുള്ള 16 ടീമുകളും നിരാശരാവേണ്ട. അവർക്കും ലഭിക്കും കോടികൾ. ഒന്‍പത് മില്യൻ ഡോളർ. അതായത്, 74.17 കോടി രൂപ വീതം. ലോകകപ്പ് കളിക്കാനെത്തിയ മുഴുവൻ ടീമിനും കിക്കോഫിന് മുന്‍പുതന്നെ ഒന്നര മില്യൻ ഡോളർ വീതം അഡ്വാൻസായി നൽകിയിരുന്നു.
റഷ്യൻ ലോക കപ്പിനേക്കാളും 40 മില്യൻ ഡോളർ അധികതുകയാണ് ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കു ഫിഫ നൽകുന്നത്.