റൊണാൾഡോ സബ്
Sunday, December 11, 2022 12:38 PM IST
ഖത്തർ ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സബ്സ്റ്റിറ്റ്യൂഷൻ പട്ടികയിൽ. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന് എതിരായ മത്സരത്തിൽ റൊണാൾഡോയെ കോച്ച് ഫെർണാണ്ടോ സാന്റോസ് സബ്സ്റ്റിറ്റ്യൂഷൻ പട്ടികയിൽ ഉൾപ്പെടുത്തിയത് വൻ ചർച്ചകൾക്ക് കാരണമായിരുന്നു.
എന്നാൽ, ക്വാർട്ടറിലും സ്റ്റാർട്ടിംഗ് ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താൻ ഫെർണാണ്ടോ സാന്റോസ് തയാറായില്ല. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയ്ക്ക് എതിരായ ക്വാർട്ടർ പോരാട്ടത്തിലും റൊണാൾഡോ സബ് ആയി.
പ്രീക്വാർട്ടറിൽ 6-1ന് സ്വിറ്റ്സർലൻഡിനെ തകർത്ത സ്റ്റാർട്ടിംഗ് ഇലവനിൽ മാറ്റംവരുത്താൻ ഫെർണാണ്ടോ സാന്റോസ് തയാറായില്ല. ഇതോടെയാണ് റൊണാൾഡോ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടിവന്നത്. സ്വിറ്റ്സർലൻഡിന് എതിരേ പുറത്തിരുന്ന ജാവോ കാൻസെലൊയും സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തിയില്ല.
സ്വിറ്റ്സർലൻഡിന് എതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂഷനായി റൊണാൾഡോയെ ഇറക്കിയത് ടീമിന്റെ തന്ത്രത്തിന്റെ ഭാഗമായി ആയിരുന്നെന്ന് സാന്റോസ് വ്യക്തമാക്കിയിരുന്നു. 2008നുശേഷം ആദ്യമായി ആയിരുന്നു റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ ഒരു പ്രമുഖ ടൂർണമെന്റിൽ ഇറങ്ങിയത്.
മൊറോക്കോയ്ക്ക് എതിരേയും സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട് ആകേണ്ടിവന്നതും ചരിത്രത്തിൽ ആദ്യം.