ഇടുക്കിയിൽ ജാഗ്രത, പരിശോധന
Tuesday, June 4, 2019 11:20 AM IST
തൊടുപുഴ: സ്വകാര്യ കോളജ് വിദ്യാർഥിക്കു നിപ്പ വൈറസ് ബാധിച്ചതായ സംശയത്തെത്തുടർന്നു ഇടുക്കി ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതയിൽ. പെരുന്പിള്ളിച്ചിറയിലെ സ്വകാര്യ കോളജിലെ പോളിടെക്നിക് രണ്ടാം വർഷ വിദ്യാർഥിയായ പറവൂർ സ്വദേശിക്കാണ് നിപ്പ വൈറസ് ബാധിച്ചതായി പ്രാഥമിക പരിശോധനയിൽ സൂചന ലഭിച്ചത്. ഇതേത്തുടർന്ന് ഇടുക്കി ഡിഎംഒ ഡോ.എൻ. പ്രിയയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലും പരിസരങ്ങളിലും ഇന്നലെ രാവിലെ പരിശോധന നടത്തി. ആവശ്യമായ മുൻകരുതലെടുക്കാൻ കോളജധികൃതർക്കും നിർദേശം നൽകി. ഇതുവരെയുള്ള പരിശോധനയിൽ ജില്ലയിൽ നിന്നല്ല രോഗം ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പധികൃതർ.
വാടകവീട്ടിൽ
കോളജിനു സമീപം വീടു വാടകയ്ക്കെടുത്തു നാലു സഹപാഠികളോടൊപ്പമാണ് ഇപ്പോൾ രോഗം ബാധിച്ചതായി സംശയിക്കുന്ന വിദ്യാർഥി താമസിച്ചുവന്നിരുന്നത്. എന്നാൽ, കോളജ് അടച്ചതിനെത്തുടർന്ന് ഒന്നര മാസം മുന്പ് ഇവർ വാടകവീട് വിട്ടു വീട്ടിലേക്കു പോയിരുന്നു. പിന്നീട് പരീക്ഷക്കാലത്തു സ്വന്തം വീട്ടിൽനിന്നാണ് കോളജിലേക്കു വന്നിരുന്നത്. പരീക്ഷ പൂർത്തിയാക്കി കഴിഞ്ഞ 16നാണ് വിദ്യാർഥി ഇവിടെനിന്നു വാടകയും കൊടുത്തുതീർത്തു പറവൂരിലെ വീട്ടിലേക്കു മടങ്ങിയത്.
പരിശീലനം തൃശൂരിൽ
പിന്നീട് 21 മുതൽ 24 വരെ തൃശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ പരിശീലനത്തിന് 16 അംഗ വിദ്യാർഥി സംഘത്തോടൊപ്പം ഈ വിദ്യാർഥിയും പോയിരുന്നു. 21നു പനി തുടങ്ങിയെങ്കിലും 24നാണ് ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയത്. ലക്ഷണങ്ങളിലെ സംശയത്തെത്തുടർന്ന് ആലപ്പുഴയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ ബാധിച്ചതായി സംശയമുയർന്നത്. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു അന്തിമ ഫലം ലഭിച്ചെങ്കിൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് ആരോഗ്യവകുപ്പധികൃതർ നടപടിയെടുക്കുന്നത്.
പരിശോധന
പെരുന്പിള്ളിച്ചിറയിൽ വിദ്യാർഥി താമസിച്ചുവന്നിരുന്ന വീടിനു സമീപത്തുള്ളവരിൽ ആർക്കെങ്കിലും പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടോയെന്നതടക്കം വിവരങ്ങൾ ഇന്നലെ ഉച്ചകഴിഞ്ഞു ഡെപ്യൂട്ടി ഡിഎംഒ ഡോ.പി.കെ.സുഷമയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. നിപ്പ പിടിപെട്ടതായി സംശയിക്കുന്ന വിദ്യാർഥിയോടൊപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികളുമായി ഫോണിൽ വിളിച്ചും വിവരങ്ങൾ ആരാഞ്ഞു. ഇവരിൽ ആർക്കും പനിയോ മറ്റു രോഗലക്ഷണങ്ങളോ ഇല്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ പനിബാധിതരായി ചികിത്സ തേടിയെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറിൽനിന്നു ജില്ലാ കളക്ടർ എച്ച്.ദിനേശൻ തേടിയിട്ടുണ്ട്.