നിപ സംശയം: നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്
Monday, June 3, 2019 4:19 PM IST
കൊച്ചി/തൃശൂർ: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് നിപ രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന സൂചനകൾ പുറത്ത് വന്നതിനു പിന്നാലെ തുടർ നടപടികൾ ശക്തമാക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. യുവാവിന്റെ സാന്നിധ്യമുണ്ടായിരുന്ന എല്ലായിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നും ഇവിടങ്ങളിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി കെ.കെ.ശൈലജയും തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി.
ആരോഗ്യമന്ത്രി ഇന്ന് കൊച്ചിയിലെത്തുമെന്നാണ് വിവരം. ആരോഗ്യ വകുപ്പ് സെക്രട്ടറി കൊച്ചിയിൽ അടിന്തിയിര യോഗം വിളിച്ചിട്ടുണ്ട്. കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി യോഗത്തിനെത്തുമോ എന്ന് വ്യക്തമല്ല. നേരത്തെ, തൃശൂരിൽ ഇന്ന് രാവിലെ ഡിഎംഒ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഉച്ചയ്ക്ക്, ഇവിടെ വീണ്ടും യോഗം ചേരുമെന്നും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നും ഡിഎംഒ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനിടെ കോഴിക്കോട്ട് നിന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘവും ഇന്ന് കൊച്ചിയിലെത്തും. നിപ ബാധിതരെ ചികിത്സിച്ച് പരിചയമുള്ള ഡോക്ടർമാരാണ് എത്തുകയെന്നാണ് വിവരം.