മാണിസാർ ജനാധിപത്യചരിത്രത്തിൽ ഇടംനേടിയ ജനപ്രതിനിധി: കർദിനാൾ മാർ ക്ലീമിസ് ബാവ
Friday, April 12, 2019 11:28 AM IST
പാലാ: റിക്കാർഡുകളുടെ തോഴനായ മാണിസാർ കേരളത്തിന്റെയും ഭാരതം മുഴുവന്റെയും ജനാധിപത്യചരിത്രത്തിൽ ഇടം നേടിയ ജനപ്രതിനിധിയായിരുന്നുവെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കെ.എം. മാണിയുടെ സംസ്കാര ശുശ്രൂഷയോടനുബന്ധിച്ച് അനുശോചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അനേകായിരം പേർക്ക് ആവേശം പകർന്നു നൽകുന്ന അദ്ദേഹത്തിന്റെ ശക്തിസ്രോതസ് ജനങ്ങളോടുള്ള സമർപ്പണവും ദൈവത്തോടുള്ള ബന്ധവുമാണ്. ഇടവക ദേവാലയത്തിൽനിന്നാണ് ദൈവവുമായുള്ള ബന്ധവും ശക്തിയും നേടിയത്. ദൈവ ബന്ധമാണ് അദ്ദേഹത്തെ നിലനിർത്തിയ പ്രധാന ഘടകം. കുടുംബത്തെ കൂടെനിർത്തുന്നതിനു മാണിസാറിനു സാധിച്ചുവെന്നും കർദിനാൾ പറഞ്ഞു.
മന്ത്രിയായിരിക്കുന്പോഴും ജനപ്രതിനിധിയായിരിക്കുന്പോഴും രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ നടത്തുന്പോഴും ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയപ്പോൾ ദൈവത്തിലാണ് അദ്ദേഹം അഭയം പ്രാപിച്ചത്. കാരുണ്യത്തിന്റെ മുഖമായ അദ്ദേഹം ഇച്ഛാശക്തിയും പാവങ്ങളോടു കരുതലും എല്ലാ സമുദായങ്ങളോടും ആദരവുമുള്ള പൊതുപ്രവർത്തകനായിരുന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.