ബാലകൃഷ്ണപിള്ളയെത്തി, വിതുന്പലോടെ
Friday, April 12, 2019 11:18 AM IST
പാലാ: ""ഇന്നലെകളിൽ മാണിയുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുണ്ടെങ്കിലും പറയട്ടെ, മാണി വലിയ സംഘാടകനും പ്രഗത്ഭനായ മന്ത്രിയുമായിരുന്നു''. ശാരീരിക ആവശതകൾ മറന്നും പാലായിലെത്തി അന്തിമോപചാരമർപ്പിച്ചശേഷം കേരള കോൺഗ്രസ്- ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു.
54 വർഷത്തെ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഇന്നത്തെ തലമുറയ്ക്കൊന്നും അറിയാത്ത വൈകാരിക ബന്ധം. 1965ൽ നിയമസഭയിൽ തുടങ്ങിയ അടുപ്പം സംഭവബഹുലമായ പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. മാണിയുടെ നേതൃത്വത്തിൽ എല്ലാ കേരള കോണ്‍ഗ്രസുകളും ലയിച്ച് ഒന്നായിക്കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുണ്ടായില്ല.
""ഏറെ ക്ഷീണമുണ്ടായിരിക്കെ, മാണി മരിച്ചതറിഞ്ഞ് എന്നെ എടുത്തുകൊണ്ടാണെങ്കിലും പാലായിൽ കൊണ്ടുപോകണമെന്ന് സഹപ്രവർത്തരോടു ഞാൻ നിർബന്ധം പറഞ്ഞിരുന്നു. ആറേഴ് ദിവസം എറണാകുളത്ത് ചികിത്സയ്ക്കുശേഷം മടങ്ങിയ ഉടനെയാണു മാണിയുടെ വിയോഗം അറിയുന്നത്.
ബുധനാഴ്ച രാത്രി തിരുനക്കരയിലെത്തി അന്തിമോപചാരമർപ്പിക്കാൻ യാത്രപുറപ്പെട്ട് ചങ്ങനാശേരി വരെയെത്തിയിരുന്നു. മൃതദേഹവാഹനം കടുത്തുരുത്തി വരെയേ എത്തിയിട്ടുള്ളൂ എന്നറിഞ്ഞ് ഞാൻ തിരികെപ്പോയി. ഇന്ന് അതിരാവിലെ പാലായിലേക്കു പുറപ്പെടുകയായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ മടങ്ങുന്നത്''- ആർ ബാലകൃഷ്ണപിള്ള പറഞ്ഞു.