അന്ത്യനിമിഷത്തിൽ കുട്ടിയമ്മയുടെ കൈവിടാതെ
Wednesday, April 10, 2019 11:59 AM IST
കൊച്ചി: വേദപുസ്തകത്തിൽ കൈവച്ചു ജീവിതത്തിലേക്കു കടന്നുവന്ന കുട്ടിയമ്മയുടെ കൈ മുറുകെ പിടിച്ചു മാണിസാർ വിടപറഞ്ഞു. ചുറ്റുംനിന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കണ്ണീരോടെ വിതുന്പുന്പോൾ കുട്ടിയമ്മയുടെ കൈയിൽ അദ്ദേഹം പിടിമുറുക്കി. തന്റെ പ്രിയ ഭർത്താവിന്റെ കൈയിൽ കുട്ടിയമ്മയും മുറുകെ പിടിച്ചു. അവസാനശ്വാസത്തിനായി വിഷമിക്കുന്പോൾ കുട്ടിയമ്മയുടെ മുഖത്തേക്കു നോക്കി എന്തോ പറയാൻ വെന്പി. പിന്നെ ആ കണ്ണുകൾ പതിയെ അടഞ്ഞു. അറുപത്തിയൊന്നു വർഷം തനിക്കു തുണയായിരുന്ന പ്രിയതമയുടെ കൈപിടിച്ചു ഭാഗ്യമരണം. തന്നെ വിട്ടുപോയെന്നു വിശ്വസിക്കാനാവാതെ പകച്ചുനിൽക്കുകയായിരുന്നു അപ്പോൾ കുട്ടിയമ്മ.
മരണവിവരം പുറത്തുവിട്ട ഡോക്ടർമാർതന്നെയാണു കെ.എം. മാണിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചും അറിയിച്ചത്.
1957 നവംബർ 28നായിരുന്നു മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ കെ.എം. മാണിയുടെയും പൊൻകുന്നം ചിറക്കടവ് കൂട്ടുങ്കൽ കുട്ടിയമ്മയുടെയും വിവാഹം. മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ കുട്ടിയമ്മയെ മിന്നുചാർത്തുന്പോൾ മാണിക്കു പ്രായം 25. കുട്ടിയമ്മയ്ക്ക് 22. കോണ്ഗ്രസ് നേതാവായിരുന്ന മാണി പിന്നീട് കേരള കോണ്ഗ്രസ് നേതാവും മന്ത്രിയുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞപ്പോൾ കുട്ടിയമ്മ താങ്ങും തണലുമായി ഒപ്പംനിന്നു.
ഭർത്താവിന്റെ തിരക്കുകൾ ഒന്നും കുടുംബജീവിതത്തെ ബാധിക്കാതെ കാത്തുസൂക്ഷിച്ച കുട്ടിയമ്മയെക്കുറിച്ചു മാണി എന്നും വാചാലനാകുമായിരുന്നു. രാഷ്ട്രീയത്തിലെ തന്റെ ഉയർച്ചകൾക്കു കുട്ടിയമ്മയാണു കാരണമെന്നും മാണിസാർ പറയുമായിരുന്നു. വീട്ടുകാർക്ക് നല്ല ഓർമകൾ മാത്രം സമ്മാനിച്ചാണ് ആ കുടുംബനാഥൻ വിടപറയുന്നത്.