അഭിമാനത്തോടെ അബ്ദുള്ള
Sunday, February 10, 2019 11:43 AM IST
കഴിഞ്ഞ ചൊവ്വാഴ്ച റോമിലെ സിയാംപിനോ വിമാനത്താവളത്തിൽ ഇത്തിഹാദ് എയർവേയ്സിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം സുരക്ഷിതമായി ഇറക്കിയപ്പോൾ അബ്ദുള്ള ഒബൈദ എന്ന പൈലറ്റിന്റെ മുഖത്ത് തന്റെ ജീവിതത്തിലെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട കർമം നിർവഹിച്ചതിന്റെ പുഞ്ചിരി കാണാമായിരുന്നു. തന്റെ 20 വർഷത്തെ പൈലറ്റ് ജീവിതത്തിനിടയിൽ നിരവധി പ്രശസ്തരായ വ്യക്തികളെയും വഹിച്ചുകൊണ്ട് വിമാനം പറത്താൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
എന്നാൽ തന്റെ നാട് സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പയെ തിരിച്ച് വത്തിക്കാനിൽ എത്തിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഈ നാൽപ്പത്തഞ്ചുകാരൻ കാണുന്നു.ആറുമണിർ നേരത്തേക്കാണെങ്കിലും ഒരു മാർപാപ്പയുടെ പൈലറ്റാകാൻ കഴിഞ്ഞ ആദ്യ യുഎഇക്കാരനാകാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അബ്ദുള്ള പറയുന്നു.
മാർപാപ്പയ്ക്കുള്ള വാഹനമായതിനാൽ വിമാനത്തിന്റെ വാതിലിൽ വത്തിക്കാന്റെ ഒൗദ്യോഗിക ചിഹ്നം പതിപ്പിച്ചിരുന്നു. വിമാനത്തിന്റെ മുൻഭാഗത്തുതന്നെയായിരുന്നു ഫ്രാൻസിസ് പാപ്പായുടെ ഇരിപ്പിടം. യാത്രയിൽ പാപ്പായെയോ കൂടെയുള്ളവരെയോ യാതൊരു വിധത്തിലും ശല്യപ്പെടുത്താതിരിക്കാൻ പൊതുവായ അനൗണ്സ്മെന്റുകളൊന്നും നടത്തിയിരുന്നില്ല. യാത്രക്കാരെ എന്തെങ്കിലും അറിയിക്കണമെങ്കിൽ അത് വിമാനത്തിലെ ജീവനക്കാർതന്നെ നേരിട്ട് എത്തി അറിയിച്ചു. ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ടുള്ള വിമാന യാത്രയ്ക്ക് ഒരാഴ്ച നീണ്ട ഒരുക്കങ്ങളാണ് ഇത്തിഹാദ് ജീവനക്കാർ നടത്തിയത്.