സെന്റ് ജോസഫ് കത്തീഡ്രൽ
Sunday, February 10, 2019 11:40 AM IST
യുഎഇ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി സന്ദർശിച്ച ഒരിടമാണ് അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രൽ. പതിനഞ്ചു മിനിറ്റോളം അവിടെ ചെലവഴിച്ച മാർപാപ്പ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ള മുന്നൂറോളം വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തു.
ഈ കത്തീഡ്രൽ പ്രത്യേകം സന്ദർശനത്തിന് തെരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട്. 1965ൽ സ്ഥാപിതമായ ഈ കത്തീഡ്രൽ യുഎഇയിലെ ആദ്യ കത്തോലിക്ക ദേവാലയമാണ്. അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ക് ഷഖ്ഭട്ടാണ് ഈ ദേവാലയം നിർമിക്കുന്നതിനുള്ള സ്ഥലം നൽകിയത്. പിന്നീട് 1983ൽ അൽ മുഷ്റിഫ് എന്ന സ്ഥലത്തേക്ക് ഈ ദേവാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. യുഎഇ, യെമൻ, ഒമാൻ എന്നീ രാജ്യങ്ങളടങ്ങുന്ന ദക്ഷിണ അറേബ്യൻ അപ്പസ്തോലിക് വികാറിന്റെ ആസ്ഥാനമാണിവിടം.
നിലവിൽ 90,000ത്തിന് അടുത്ത് ഇടവകക്കാർ ഈ ദേവാലയത്തിലുണ്ട്. മലയാളം, തഗലോഗ്, ഉറുദു, ഫ്രഞ്ച്, ജർമൻ, കൊറിയൻ തുടങ്ങിയ ഭാഷകളിൽ ഇവിടെ വിശുദ്ധ ബലി അർപ്പിക്കപ്പെടുന്നു. 10 ലക്ഷത്തോളം കത്തോലിക്കരുള്ള യുഎഇയിൽ ഒന്പത് കത്തോലിക്ക ദേവാലയങ്ങളാണുള്ളത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനമായി യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ നഹ്യാൻ നല്കിയത് സെന്റ് ജോസഫ് കത്തീഡ്രൽ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ രേഖയാണ്.