യെസെക്കിയേലിനു പാപ്പായുടെ ചുംബനം; ജിഗിനയ്ക്ക് ഇത് പ്രാർഥനയുടെ പുണ്യം
Thursday, February 7, 2019 5:50 AM IST
അബുദാബി: ലോകം മുഴുവൻ കണ്ടു, അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ , അമ്മയുടെ കൈകളിൽ ഒതുങ്ങിയിരുന്ന ഒരു കുരുന്നിനെ മാർപാപ്പ സ്നേഹചുംബനം കൊണ്ട് മൂടുന്നത്. പാപ്പായെക്കാണാൻ പള്ളിയിലെത്താൻ തലേ ദിവസം രാത്രി മാത്രം അനുവാദം കിട്ടിയ മാതാവ് ജിഗിനക്ക് ആ നിമിഷങ്ങൾ ഒരു സുകൃതം.
നീണ്ട പ്രാർഥനകൾക്ക് ദൈവം നൽകിയ മറുപടിയായിരുന്നു അവസാനനിമിഷമുള്ള അനുവാദം. മൂന്നു വയസ്സുണ്ടെങ്കിലും മൂന്നു മാസത്തെ വളർച്ച മാത്രമുള്ള സ്വന്തം മകനെ കൈകളിൽ ഉയർത്തി മാർപാപ്പയുടെ മുൻപിലേക്ക് നീട്ടി നിൽക്കുന്ന മാതാവിനെ ആദ്യം കണ്ടില്ലെങ്കിലും, തിരിച്ചെത്തിയ പാപ്പാ നിരാശനാക്കിയില്ല.
ജന്മനാ തളർന്ന കാലുകളിൽ തഴുകിയ പാപ്പാ യെസെക്കിയേലിന്റെ തലയിൽ തലോടി മുത്തം നൽകി. പ്രാർത്ഥനാപൂർവ്വം,നിറഞ്ഞ കണ്ണുകളോടെ നിന്ന മാതാവ് ജിഗിനയുടെ മുഖത്തേക്ക് നോക്കി പാപ്പാ ഒരു ചെറുപുഞ്ചിരി നൽകി കടന്നു പോയി . നടന്നതൊക്കെ വിശ്വസിക്കാനാവാതെ ജിഗിന നിർന്നിമേഷയായി നിന്നു.
തിരുവനന്തപുരം സ്വദേശികളായ റോഷൻ ആന്റണിയുടെയും ജിഗിനയുടെയും രണ്ടാമത്തെ കുഞ്ഞാണ് യെസെക്കിയേൽ. മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡർ രോഗമാണ് ബാധിച്ചിരിക്കുന്നത്. കൂടാതെ ശാരീരിക വളർച്ചയില്ല. വായിലൂടെ ആഹാരം കഴിക്കില്ല. ട്യൂബ് വഴിയാണ് ആഹാരം കൊടുക്കുന്നത്. പൂർണമായും കിടപ്പിലാണ്. ഇപ്പോൾ ചെറുതായി ചിരിക്കുകയും ചെറിയ ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ജന്മനാ പോരായ്മകൾ ഏറെയുണ്ടെങ്കിലും മാതാപിതാക്കൾക്ക് ഇവൻ ജീവനാണ്. മാർപാപ്പ വരുന്നുവെന്നറിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമാണ് യെസെക്കിയേലിനെ പാപ്പായുടെ മുൻപിൽ ഒന്നെത്തിക്കുക എന്നത്. അനുവാദം കിട്ടാതെ വന്നതോടെ നിരാശരായ റോഷനും ജിഗിനക്കും അത്ഭുതം സമ്മാനിച്ചാണ് തലേന്ന് രാത്രിയിൽ ആ വിളി വന്നത്.
ആൾക്കൂട്ടത്തിന്റെ ബഹളവും വലിയ വെളിച്ചവും കണ്ടാൽ ജന്നിരോഗം വരുന്ന മകനെ ഇത്രയധികം ആൾക്കാരുടെ നടുവിൽ എങ്ങനെ എത്തിക്കുമെന്ന ഭീതിയായിരുന്നു പിന്നീട്. പക്ഷെ യെസെക്കിയേൽ അന്ന് പതിവിനു വിരുദ്ധമായി ശാന്തതയിലായിരുന്നു. ബഹളങ്ങളും വെളിച്ചവും അവനെ അലോസരപ്പെടുത്തിയില്ല. തനിക്കു ലഭിക്കാൻ പോകുന്ന അനുഗ്രഹവർഷത്തെ കാത്തിരിക്കും പോലെ.
മാർപാപ്പ നൽകിയ നറുപുഞ്ചിരിയാണ് ജിഗിനയുടെ മനസ്സ് നിറയെ. “ആ ദിവ്യമായ പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു. ദുഃഖിക്കേണ്ട “എന്റെ പ്രാർത്ഥനയിൽ നിങ്ങളുമുണ്ടാകും. അതാണു പാപ്പായുടെ ചുണ്ടിൽനിന്നും ഞാൻ വായിച്ചത്.” - ജിഗിന പറഞ്ഞു.
മറ്റൊരു അത്ഭുതം കൂടിയുണ്ടായ സന്തോഷത്തിലാണ് റോഷനും ജിഗിനയും. മറ്റുള്ളവരെല്ലാം സ്വന്തം മൊബൈലുകളിൽ സെൽഫി എടുത്തപ്പോൾ, സ്വന്തം മൊബൈൽ പുറത്തെടുക്കാതെ മകനെ കൈകളിൽ ഉയർത്തി നിന്ന തനിക്കു മാർപാപ്പയോടൊപ്പമുള്ള ഒരു ഫോട്ടോ പോലും ലഭിക്കാത്ത സങ്കടം ഉള്ളിലൊതുക്കിയ മാതാപിതാക്കളെ അത്ഭുതപ്പെടുത്തിയാണ് ലോക മാധ്യമങ്ങളിൽ യെസെക്കിയേലിനെ ചുംബിക്കുന്ന മാർപാപ്പയുടെ ചിത്രം പ്രചരിച്ചത്.
പാപ്പായുടെ ഒൗദ്യോഗിക സമൂഹമാദ്ധ്യമങ്ങളിലും ഈ ചിത്രം എത്തിയതോടെ വീട്ടുകാരും കൂട്ടുകാരും ആശംസകളുമായി എത്തിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് ഇവർ. ഇതു സംബന്ധിച്ച് വത്തിക്കാനിൽനിന്ന് സന്ദേശം ലഭിക്കുകയും അനുഗ്രഹം നേരുകയും ചെയ്തു. ഏലീഷാ റോഷനാണ് യെസെക്കിയേലിന്റെ സഹോദരി.
അനിൽ സി. ഇടിക്കുള