മാർപാപ്പയുടെ ദിവ്യബലിക്കു തിരുവോസ്തി തൃശൂരിൽനിന്ന്
Wednesday, February 6, 2019 7:18 AM IST
തൃശൂർ: യുഎഇയിലെ അബുദാബിയിൽ ഇന്നലെ രാവിലെ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിയിൽ ഉപയോഗിച്ച തിരുവോസ്തി തൃശൂരിൽനിന്ന്. മലബാർ മിഷനറി ബ്രദേഴ്സിന്റെ (എംഎംബി) തൃശൂർ മരിയാപുരത്തെ മിഷൻ ഹോമിൽ തയാറാക്കിയ തിരുവോസ്തിയാണ് മാർപാപ്പ ഉപയോഗിച്ചത്.
തൃശൂർ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനിൽനിന്നു ശനിയാഴ്ചയാണ് തിരുവോസ്തി പ്രത്യേക പേടകത്തിലാക്കി കൊണ്ടുപോയത്. മുഖ്യകാർമികനായ മാർപാപ്പയ്ക്ക് ഉപയോഗിക്കാൻ ഒരുക്കിയതു വലിയ തിരുവോസ്തിയാണ്.
യുഎഇയിൽ കത്തോലിക്കാ വിശുദ്ധകുർബാനകൾക്കായി തൃശൂർ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനിൽനിന്നാണു തിരുവോസ്തി കൊണ്ടുപോകാറുള്ളത്. ചെറിയ തിരുവോസ്തികളാണ് സാധാരണ ഉപയോഗിക്കുന്നത്.
തൃശൂർ അതിരൂപത അടക്കം പല രൂപതകളിലേയും ദേവാലയങ്ങളിലേക്കു ദിവ്യബലിക്ക് ആവശ്യമായ തിരുവോസ്തി ഇവിടെനിന്നാണു കൊണ്ടുപോകുന്നത്. ദശാബ്ദങ്ങളായി എംഎംബി മിഷൻ ഹോം തിരുവോസ്തി തയാറാക്കുന്ന ശുശ്രൂഷ ചെയ്യുന്നു.