അൽ അസർ ഗ്രാൻഡ് ഇമാമുമായി തിങ്കളാഴ്ച കൂടിക്കാഴ്ച
Monday, February 4, 2019 12:08 AM IST
അബുദാബി: മാർപാപ്പയുടെ യുഎഇ സന്ദർശനം ലോകത്തിലെ രണ്ടു പ്രമുഖ മതങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ഈജിപ്തിലെ അൽ അസർ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പരമോന്നത ഇമാം ഷെയ്ഖ് അഹമ്മദ് അൽ-തയ്യബുമായി തിങ്കളാഴ്ച വൈകുന്നേരം മാർപാപ്പ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സുന്നി ഇസ്ലാമിൽ ഏറ്റവും ബഹുമാനിത സ്ഥാനമാണ് അൽ-അസർ ഗ്രാൻഡ് ഇമാമിനുള്ളത്.
അബുദാബിയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തോട് അനു ബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. യുഎഇ സന്ദർശനത്തോട് അനുബന്ധിച്ച് മാർപാപ്പ നല്കിയ വീഡിയോ സന്ദേശത്തിൽ ഇമാമിനെ തന്റെ പ്രിയസോദരനും സുഹൃത്തുമെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും നമ്മൾ സഹോദരങ്ങളാണ്. ദൈവം ഒന്നിപ്പിക്കുകയേ ഉള്ളൂ, വേർപെടുത്തില്ലെന്നും മാർപാപ്പ പറഞ്ഞു.
ഇമാമും മാർപാപ്പയും തമ്മിൽ ആഴത്തിലുള്ള സാഹോദര്യബന്ധമാണുള്ളതെന്നും കൂടിക്കാഴ്ച ചരിത്രമാകുമെന്നും അൽഅസർ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു.