ചരിത്ര നിമിഷം; മാർപാപ്പ യുഎഇയിലെത്തി
Sunday, February 3, 2019 11:37 PM IST
അബുദാബി: ചരിത്രം കുറിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎഇയിലെത്തി. അറബ് മേഖലയിൽ ചരിത്രത്തിൽ ആദ്യമായെത്തിയ മാർപാപ്പയ്ക്ക് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്നേഹോഷ്മള വരവേൽപാണ് യുഎഇ സർക്കാർ നൽകിയത്.
ത്രിദിന യുഎഇ സന്ദർശനത്തിനായാണ് റോമിൽനിന്നു പ്രത്യേക വിമാനത്തിൽ മാർപാപ്പ യുഎഇയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഉന്നതതല സ്വീകരണം നൽകും.
തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാൻഡ് മോസ്കും ഫ്രാൻസിസ് പാപ്പാ സന്ദർശിക്കും. മുസ്ലിം കൗണ്സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി അവിടെ മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയും പ്രസംഗവും. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യബലിക്കായി എത്തുന്നവർക്ക് സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളാണ് യുഎഇ ഏർപ്പെടുത്തിയിട്ടുള്ളത്.
വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാവരും പരസ്പരം അംഗീകരിച്ചു സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു പാപ്പായുടെ സന്ദർശനം നൽകുന്നതെന്നു വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.
യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സഈദ് അൽ നഹ്യാൻ സഹിഷ്ണുതാവർഷമായി 2019 പ്രഖ്യാപിച്ചതിന്റെ പൂർത്തീകരണം കൂടിയായാണു മാർപാപ്പയുടെ വരവിനെ യുഎഇ കാണുന്നത്.