മാർപാപ്പയുടെ സന്ദർശനം ഇത്തിഹാദിൽ തത്സമയം
Sunday, February 3, 2019 5:06 PM IST
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. പാപ്പായുടെ സന്ദർശനത്തിന്‍റെ എല്ലാ ഘട്ടങ്ങളും ലോകത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഈസമയം, ചരിത്രസന്ദർശനം തത്സമയം ആകാശയാത്രികരിൽ എത്തിക്കാനൊരുങ്ങുകയാണ് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. വിമാനത്തിനുള്ളിലെ എന്‍റര്‍ടെയ്ൻമെന്‍റ് സിസ്റ്റത്തിലൂടെയും, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ ഇത്തിഹാദ് ലോഞ്ചുകളിലും പാപ്പയുടെ യുഎഇ സന്ദർശനം ലഭ്യമാകുമെന്ന് ഇത്തിഹാദ് എയർവേയ്സ് വക്താവ് അറിയിച്ചു.
ഇത്തിഹാദിന്‍റെ എയർബസ് 380, ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളിലായിരിക്കും തത്സമയ പ്രക്ഷേപണം ഉണ്ടാകുക. സഹിഷ്ണുതയും, മാനുഷിക സഹവർത്തിത്വവും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണവും വളർത്തുക എന്നുള്ളതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യമെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു.