മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമെന്ന് സഹിഷ്ണുതാമന്ത്രി
Friday, February 1, 2019 12:44 PM IST
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം യുഎഇക്ക് ആദരമാണെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ക്ക് നഹ്യാൻ മുബാറക് അൽ നഹ്യാൻ, മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്‍റെ വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുന്നത്. സഹിഷ്ണുതയുടെ മൂല്യം അറിയുന്ന ഒരു രാജ്യത്താണ് മാർപാപ്പ സന്ദർശനം നടത്തുന്നതെന്നും ലോകത്തെ മുഴുവൻ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
യുഎഇ ഭരണാധികാരി ഷെയ്ക്ക് ഖലീഫ ബിൻ സയീദ് അൽ നഹ്യാൻ 2019 രാജ്യത്തിന് സഹിഷ്ണുതാ വർഷമായി പ്രഖ്യാപിച്ചിരുന്നു. വത്തിക്കാനും യുഎഇയും നാനാത്വങ്ങളെ സ്വാഗതം ചെയ്യുന്നവരാണെന്നും ആഗോളസമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ കഴിവുകൾ മനസിലാക്കിയിട്ടുള്ളവരാണെന്നും ഷെയ്ക്ക് നഹ്യാൻ മുബാറക് തന്‍റെ സന്ദേശത്തിൽ പറയുന്നു.