അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ചൊ​വാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെത്തുന്ന വിശ്വാസികൾ അവിടുത്തെ ക്രമീകരണങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പ്രവേശന ടിക്കറ്റും യാത്രാടിക്കറ്റും കരുതണം

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30നാ​ണ് മാ​ർ​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി. പ​ര​മാ​വ​ധി 1,35,000 പേ​ർ​ക്കു മാ​ത്ര​മേ സ്റ്റേ​ഡി​യ​ത്തി​ലും പു​റ​ത്തു​മാ​യി ദി​വ്യ​ബ​ലി​യി​ൽ പ​ങ്കാ​ളി​കളാ​കാ​ൻ അ​വ​സ​ര​മു​ള്ളൂ. അതിനാൽ പ്ര​വേ​ശ​നടി​ക്ക​റ്റും യാ​ത്രാടി​ക്ക​റ്റും ഇ​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് സ്ഥലത്തേക്ക് പ്ര​വേ​ശനം ഉ​ണ്ടാ​കി​ല്ല. യു​എ​ഇ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹ​ബ്ബുക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ സ്പോ​ർ​ട്സ് സി​റ്റി​യി​ലേ​ക്ക് ഉ​ണ്ടാ​കും.

ഓരോ ടി​ക്ക​റ്റി​ലും എ​ത്തേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ വി​വ​ര​വും സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​വ​ശ്യ​മാ​യ അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തുമ്പോൾ വി​ശ്വാ​സി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം. പി​ന്നീ​ട് ഹ​ബ് മാ​റ്റാ​നാ​കി​ല്ല. ഹ​ബ് വ​രെ സ്വ​ന്തം നി​ല​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. സ്വ​ന്തം വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് യാ​സ് ഗേ​റ്റ്‌​വേ അ​ക്സ​സ് ഹ​ബ് എ​ന്നെ​ഴു​തി​യ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. യാ​സ് ദ്വീ​പി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലേ​ക്ക് ഷ​ട്ടി​ൽ സ​ർ​വീ​സ് അ​വി​ടെനി​ന്നും ഉ​ണ്ടാ​കും. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റും അ​ക്സ​സ് ഹ​ബ് ടി​ക്ക​റ്റും വേ​ണം.


അക്സസ് ഹബ്ബുകൾ

അബുദാബിയിൽ ഡെൽമ സ്ട്രീറ്റ്, നേഷൻ ടവർ, മുസഫ എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ പരിസരം, റുവൈസ് ഹൗസിങ് കോംപ്ലക്സിന് എതിർവശം, അൽഐൻ ഹെസ്സ ബിൻ സായിദ് സ്ട്രീറ്റ് പാർക്കിങ്ങ് എന്നിവിടങ്ങളിൽ നിന്നാണ് ബസ് പുറപ്പെടുക. ദുബായിൽ സഫ പാർക്ക്, വണ്ടർലാൻഡ്, ഖിസൈസ് പോണ്ട് പാർക്ക്, അൽനഹ്ദ, ജബൽഅലി എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടും. അതേസമയം, ഷാർജയിൽ നിന്നുള്ളവർ ദുബായിലെ 76 സ്ട്രീറ്റിൽ നിന്നാണ് ബസ് കയറേണ്ടത്.

സൗകര്യങ്ങൾ നിരവധി

ഗ്രാൻഡ് മോസ്ക്, ബത്തീൻ എയർപോർട്ട് റോഡ് പരിസരങ്ങളിലായി എത്തിച്ചേരുന്നവർ 500 മീറ്റർ മുതൽ സ്റ്റേഡിയത്തിലേക്ക് നടന്നുവരേണ്ടതുണ്ട്. അംഗപരിമിതരെ പ്രത്യേക വാഹനത്തിൽ സ്റ്റേഡിയത്തിലെ പ്രത്യേക ഇരിപ്പിടത്തിൽ എത്തിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് വിശ്രമിക്കാനും പ്രാഥമികകൃത്യം നിർവഹിക്കാനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ രാവിലെ എട്ടു വരെയും ദിവ്യബലിക്കു ശേഷവും സ്റ്റേഡിയത്തിൽ ലഘുഭക്ഷണം ലഭ്യമാണ്. അതേസമയം, പുറത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് ഭക്ഷണം കയറ്റാൻ അനുമതിയുണ്ടായിരിക്കില്ല.