മാർപാപ്പയുടെ ദിവ്യബലിയർപ്പണം: പ്രവേശനടിക്കറ്റ് വിതരണം തുടങ്ങി; ദുബായിൽ ഉത്സവപ്രതീതി
Thursday, January 31, 2019 3:49 PM IST
ജിസിസി രാജ്യങ്ങളിൽ ആദ്യമായി എത്തുന്ന മാർപാപ്പ നടത്തുന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്ത വിശ്വാസികൾക്കുള്ള പ്രവേശനടിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി. ദുബായ് ഒൗദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലാണ് ആദ്യ ടിക്കറ്റുകളുടെ വിതരണം നടന്നത്.
ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്. വിവിധ വിഭാഗത്തിലുള്ളവർക്കായി പത്തു പ്രത്യേക വരികൾ ക്രമീകരിച്ചാണ് വിതരണം നടത്തിയത്. ദുബായിൽ രജിസ്റ്റർ ചെയ്ത 50000 പേരിൽ 43000 പേർക്കാണ് ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറിലേറെ നേരം ക്യു നിന്നാണ് പലരും ടിക്കറ്റ് കരസ്ഥമാക്കിയതെങ്കിലും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന സന്തോഷവും അതിശയവും കലർന്ന ഉത്സവാന്തരീക്ഷമായിരുന്നു സെന്റ് മേരീസ് ദേവാലയത്തിൽ . ഫെബ്രുവരി ഒന്നു വരെയാണ് ദുബായിൽ ടിക്കറ്റ് വിതരണം. വൈകിട്ട് 6 മുതൽ 10 വരെയാണ് സമയം. വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ രാത്രി 10 വരെയാണ് വിതരണ സമയം.
ദിവ്യബലിയുടെ തലേന്ന് രാത്രി 11.45 ന് സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും ബസുകൾ അബുദാബിയിലേക്ക് നീങ്ങി ത്തുടങ്ങും. രാവിലെ 7 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള