കണ്ണൂരിൽ വ്യവസായ സമുച്ചയങ്ങൾ; കൊച്ചി-കോയന്പത്തൂർ വ്യവസായ ഇടനാഴി
Thursday, January 31, 2019 10:27 AM IST
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങൾ നിർമിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കൊച്ചി-കോയന്പത്തൂർ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പാർക്കുകളും കോർപ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയിൽനിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും. ജിഡിസിഎ അമരാവതി മാതൃകയിൽ ടൗണ്‍ഷിപ്പുകൾ സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളിൽ വ്യവസായ, വൈജ്ഞാനിക വളർച്ചാ ഇടനാഴികൾ നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും, സ്റ്റാർട്ടപ്പുകൾക്ക് പ്രാമുഖ്യം നൽകും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയിൽനിന്നു 75 കോടിയായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.