പാപ്പാ സന്ദർശന മുദ്രയ്ക്ക് മലയാളിയുടെ പ്രൗഢി
Thursday, January 31, 2019 1:47 AM IST
തൃശൂർ: ഗൾഫിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനു മുദ്രയൊരുക്കി മലയാളി. മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന്റെ ലോഗോ തയാറാക്കിയത് പ്രവീണ്‍ ഐസക് എന്ന ക്രിയേറ്റീവ് ഡിസൈനറാണ്. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണ് സന്ദർശനം. ഇതാദ്യമായാണ് മാർപാപ്പ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്.
ഒലിവുചില്ല കൊക്കിലേന്തിയ പ്രാവ്. യുഎഇയുടെ പതാകയുടെ നിറങ്ങൾ ചേർത്ത തൂവൽ. ലളിതവും എന്നാൽ അർഥസമ്പുഷ്ടവുമാണ് ലോഗോ.
രണ്ടു മാസം മുമ്പ് വികാരിയാത്ത് ഓഫ് സതേൺ അറേബ്യയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഇ.ജെ. ജോണ്‍ ആണ് ‘പേപ്പൽ വിസിറ്റ് ലോഗോ’ തയാറാക്കാൻ പ്രവീണിനോട് ആവശ്യപ്പെട്ടത്. സന്ദർശന വിവരം തത്കാലം പരസ്യമാക്കരുതെന്ന നിർദേശത്തോടെയായിരുന്നു ചുമതലയേൽപിച്ചത്.
ദുബായിൽ 11 വർഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏഴു വർഷം മുമ്പു നാട്ടിൽ തിരിച്ചെത്തിയെങ്കിലും പ്രവീണ്‍ അവരുമായി ആശയവിനിമയം തുടർന്നുപോന്നിരുന്നു. എന്തായാലും ഏറ്റവും മികച്ച ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടതു പ്രവീണ്‍ വരച്ചൊരുക്കിയ രൂപമാണ്.
അറേബ്യൻ നാടുകളിൽ സുവിശേഷ പ്രഘോഷണം നടത്തിയ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ഓർമകളുണർത്തിയാണ് മാർപാപ്പ എത്തുന്നത്. പാവങ്ങളുടെ പക്ഷം ചേരുന്ന സമാധാന ദൂതനാണു മാർപാപ്പ. ആ നിലയിലാണു ഒലിവുചില്ല കൊക്കിലേന്തിയ പ്രാവ് എന്ന ആശയം ലോഗോയ്ക്കു നൽകിയത്. ഒലിവിലയ്ക്കു പച്ചനിറം, പ്രാവിനു പേപ്പൽ നിറമായ മഞ്ഞ. പോപ്പ് ഫ്രാൻസിസ് എന്ന വാക്കിനു ബ്രൗണ്‍ നിറം നല്‍കിയത് ഫ്രാൻസിസ്കൻ സന്യാസസമൂഹം പിന്തുടരുന്ന നിറമെന്ന നിലയിലാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപ്രാധാന്യമുള്ള യുഎഇ സന്ദർശനത്തിനു ലോഗോ തയാറാക്കാൻ അവസരം ലഭിച്ചതു ഭാഗ്യമല്ല, ദൈവാനുഗ്രഹമാണെന്നു പ്രവീണ്‍ പറഞ്ഞു. ദിവസേന രാവിലെ ദേവാലയത്തിലെത്തി പ്രാർഥിച്ചു. അനേകം മാതൃകകൾ വരച്ചു. വളരെ സങ്കീർണമായ കലാസൃഷ്ടികളും വരച്ചൊരുക്കി. എന്നാൽ, അവയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് വളരെ ലളിതവും ശക്തവുമായ സന്ദേശം പകരുന്ന ഈ ലോഗോയാണ്. അത് അയച്ചുകൊടുത്തു. ലോഗോ തെരഞ്ഞെടുക്കപ്പെട്ടെന്ന വിവരം പത്തു ദിവസത്തിനകം അവർ അറിയിച്ചപ്പോൾ സന്തോഷം തോന്നി. ദൈവത്തിന് എന്റെ ഹൃദയത്തിന്റെ ആഴത്തിൽനിന്നുള്ള നന്ദി: പ്രവീണ്‍ പറഞ്ഞു.
ഇരുപതു വർഷമായി ക്രിയേറ്റീവ് ഡിസൈനറായ പ്രവീൺ ഐസക് പൊൻകുന്നം വാഴൂർ പത്തൊമ്പതാം മൈൽ സ്വദേശിയാണ്. വാഴൂർ മൗണ്ട് കാർമൽ ഇടവകാംഗം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂരിലെ കോർപറേറ്റ് ഓഫീസിൽ ഡിജിറ്റൽ മീഡിയ മാനേജരാണ്. മൾട്ടിമീഡിയയിൽ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുണ്ട്. വെബ് സൈറ്റ് ഡിസൈനിംഗ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ബ്രാൻഡിംഗിലാണ് വൈദഗ്ധ്യം. മികച്ച ഗായകൻ കൂടിയായ പ്രവീൺ നിരവധി ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. ഭാര്യ: ആൻ മരിയ. മക്കൾ: തെരേസ്, ജോവന്ന, റോസ്.