മത്സ്യമേഖലയുടെ ആകെ സുരക്ഷ സർക്കാർ ലക്ഷ്യം
Wednesday, November 28, 2018 10:21 AM IST
തിരുവനന്തപുരം: മത്സ്യമേഖലയുടെ ആകെ സുരക്ഷിതത്വത്തിനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു ഫിഷറിസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ.
ഓഖി ദുരന്തത്തിനു ശേഷം സർക്കാർ നടപ്പാക്കുന്ന പദ്ധതികളെല്ലാം മത്സ്യത്തൊഴിലാളികളുടെയും ഈ മേഖലയുടെയും സുരക്ഷിതത്വം ലക്ഷ്യമാക്കിയുള്ളതാണ്. ഇസ്രോയുടെ സഹായത്തോടെ നാവിക് ഉപകരണങ്ങൾ നല്കുന്നതു മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായിട്ടാണ്. ഇസ്രോയുടെ നാവിക് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാകും വീഡിയോ കോണ്‍ഫറൻസിംഗ് വഴി നിർവഹിക്കുക. കേരളത്തിന്റെ പദ്ധതി നടപ്പാക്കാൻ താത്പര്യം അറിയിച്ചു തമിഴ്നാടും ഗുജറാത്തും പിന്നാലെയെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.
മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ മത്സ്യഫെഡ് വഴി നടപ്പാക്കുന്ന പദ്ധതിയും സർക്കാരിന്റെ മുന്നിലുണ്ട്. പിടിക്കുന്ന മത്സ്യം ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു വിപണിയിൽ എത്തിക്കാനും വിഷം കലർന്ന മത്സ്യത്തിന്റെ വിപണനം തടയാനുള്ള നിയമത്തിന്റെ കരടു തയാറായി. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരുമെന്നും ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.