ഓഖിയിൽ ഒറ്റപ്പെട്ടവർ പ്രളയകാലത്ത് കേരളത്തിനു രക്ഷകരായി
Wednesday, November 28, 2018 10:15 AM IST
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ നൂറുകണക്കിനാളുകൾ കടലിൽ ജീവനു വേണ്ടി പൊരുതുന്പോഴും കരയിൽ രക്ഷാപ്രവർത്തനത്തിനുള്ള നീക്കങ്ങൾ സാവധാനമാണു നടന്നത്. കേരളത്തിന്റെ പൊതുമനഃസാക്ഷി ഉണരാൻ വീണ്ടും ദിവസങ്ങൾ വേണ്ടിവന്നു. തീരജനത പ്രതിഷേധത്തിന്റെ വഴിയിലേക്കു നീങ്ങിയപ്പോൾ മാത്രമാണ് പൊതുസമൂഹവും ഭരണനേതൃത്വവും ഉണർന്നെണീറ്റത്.
എന്നാൽ, മാസങ്ങൾക്കിപ്പുറം കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽ കുടുങ്ങിക്കിടന്ന പതിനായിരങ്ങൾ ജീവനു വേണ്ടി യാചിച്ചപ്പോൾ സ്വന്തം ജീവൻ പണയപ്പെടുത്തി അവരെ രക്ഷിക്കാൻ രംഗത്തിറങ്ങിയത് കേരളത്തിലെ മത്സ്യത്തൊഴിലാളികളായിരുന്നു. നാടൻ വള്ളങ്ങളും ചെറുബോട്ടുകളുമായി പ്രളയബാധിത പ്രദേശങ്ങളിലേക്കു പോയ മത്സ്യത്തൊഴിലാളികൾ പതിനായിരങ്ങളെ രക്ഷിച്ചു.
തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ 138 വള്ളങ്ങളുമായി 590 മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഇവരെ കൂടാതെ ക്ലബ്ബുകളുടെയും മറ്റും ആഭിമുഖ്യത്തിലും ഈ പ്രദേശത്തുനിന്നു മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായിറങ്ങി. ഇവർ അറുപത്തയ്യായിരത്തോളം പേരെ രക്ഷപ്പെടുത്തിയെന്നു പറഞ്ഞത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ഓഖി ദുരന്തം അവർക്കൊരു പാഠമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ത്യാഗോജ്വലമായ പ്രവർത്തനം കേരളത്തിനാകെയും പാഠമായി. അതുകൊണ്ടാണല്ലോ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈന്യം എന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്.