വയനാട് വെന്റിലേറ്ററിൽതന്നെ
Friday, November 23, 2018 10:31 AM IST
കെടുതികള്‍ വീഴ്ത്തിയ വയനാട് ഇപ്പോഴും വെന്റിലേറ്ററിൽതന്നെ. സര്‍ക്കാരും ജില്ലാ ഭരണകൂടവും സന്നദ്ധപ്രസ്ഥാനങ്ങളും കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും സ്വയം ശ്വസിക്കാനും നടുനിവര്‍ത്തി നില്‍ക്കാനും പ്രളയാനന്തര ജില്ലയ്ക്കു കഴിയുന്നില്ല.
കാലവര്‍ഷത്തിനിടെ വെള്ളപ്പൊക്കം മാത്രമല്ല വയനാടിനു നേരിടേണ്ടിവന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമി വിണ്ടുകീറല്‍ തുടങ്ങിയവയെയും അഭിമുഖീകരിക്കേണ്ടിവന്നു. ജില്ലാ മണ്ണു സംരക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് ചെറുതും വലുതുമായ 47 ഉരുള്‍പൊട്ടലുകളാണ് ജില്ലയില്‍ ഉണ്ടായത്. വൈത്തിരി പഞ്ചായത്തില്‍ മാത്രം 16 ഇടങ്ങളില്‍ ഉരുള്‍പൊട്ടി.
കെടുതികളില്‍നിന്നു കരകയറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വയനാട്ടിൽ ശൈശവദശയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ പതിനായിരം രൂപ സഹായം ഒഴികെയുളളത് ദുരിതബാധിതരില്‍ എത്തുന്നതേയുള്ളൂ. ജില്ലയില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 37 കുടുംബങ്ങളില്‍നിന്നുള്ള 137 പേരാണ് ക്യാമ്പുകളില്‍ തുടരുന്നത്.
അധികമഴയിലും വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം നടന്നുവരികയാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി 15.63 കോടി രൂപയും വിള ഇന്‍ഷ്വറന്‍സായി ഒരു കോടി രൂപയും വിതരണം ചെയ്തു.
വിള ഇന്‍ഷ്വറന്‍സില്‍ ഒരു കോടി രൂപ വിതരണത്തിനു ലഭ്യമായിട്ടുണ്ട്. മാനദണ്ഡങ്ങളനുസരിച്ചുള്ള ദുരിതാശ്വാസ വിതരണത്തിനു 10 കോടി രൂപ ഇനിയും വേണം. വീണ്ടും കൃഷിയിറക്കുന്നതിനു 84.66 ടണ്‍ നെല്‍വിത്തും 2000 ഹെക്ടറില്‍ വാഴകൃഷിക്കു കന്നും പ്രളയബാധിതര്‍ക്കായി കൃഷിവകുപ്പ് ലഭ്യമാക്കിയിരുന്നു. ദുരിതാശ്വാസ സഹായധനം യഥാര്‍ഥ നഷ്ടത്തിന്റെ നാലയലത്തെത്തില്ലെന്ന പരിഭവം കര്‍ഷകരില്‍ ശക്തമാണ്.
പ്രളയത്തില്‍ വീട് നഷ്ടമായതില്‍ 563 പേര് സര്‍ക്കാര്‍ സഹായം സ്വീകരിച്ചു സ്വന്തമായി വീടു നിര്‍മിക്കുന്നതിനു ജില്ലാ ഭരണകൂടത്തിനു സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഇതില്‍ 211 പേര്‍ക്ക് ആദ്യഗഡുവായി 1.09 ലക്ഷം രൂപ വീതം അനുവദിച്ചു. വീടും സ്ഥലവും നഷ്ടമായ 220 കുടുംബങ്ങളില്‍ 87 പേര് മാത്രമാണ് പട്ടയം ഉടമകൾ. പുറമ്പോക്കുകളില്‍ താമസിച്ചിരുന്നതില്‍ 154 കുടുംബങ്ങളുടെ പുനരധിവാസത്തിനു തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചുവരികയാണ്. അഞ്ചു സെന്റ് വീതം സ്ഥലമാണ് ഇവര്‍ക്കായി കണ്ടെത്തുന്നത്.
സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത താത്കാലിക ഭവന നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ബംഗളൂരു ആസ്ഥാനമായ പ്രോജക്ട് വിഷന്‍ അഞ്ചു പഞ്ചായത്തുകളിലായി 263 താത്കാലിക വീടുകളുടെ നിര്‍മാണം ഏറ്റെടുത്തിരുന്നു. ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്ന മുറയ്ക്കു ഗുണഭോക്താക്കള്‍ക്കു കൈമാറിവരികയാണ്.
നൂറില്‍പരം കുടുംബങ്ങള്‍ ഷെല്‍ട്ടറുകളില്‍ വാസം തുടങ്ങി. ജില്ലയില്‍ 20ല്‍പരം സ്ഥിരം വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. 75 സ്ഥിരം വീടുകള്‍ നിര്‍മിക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിനു വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും ഓഫര്‍ ലഭിച്ചത്.
പ്രളയത്തില്‍ തകര്‍ന്ന പ്രധാന റോഡുകളുടെ പുനരുദ്ധാരണം ഇനിയും തുടങ്ങിയിട്ടില്ല. കല്‍പ്പറ്റ-വാരാമ്പറ്റ, കണിയാമ്പറ്റ-മീനങ്ങാടി, മേപ്പാടി-ചൂരല്‍മല റോഡുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്.
വെള്ളപ്പൊക്ക ബാധിത ടൂറിസം കേന്ദ്രങ്ങളില്‍ 2.09 കോടി രൂപയുടെ നവീകരണം നടത്താന്‍ തീരുമാനമായെങ്കിലും പ്രവൃത്തി എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയില്ല.