അതിജീവനത്തിനായി പൊരുതി കുട്ടനാടൻ ജനത; മുഖം തിരിച്ചു സർക്കാർ
Friday, November 23, 2018 10:28 AM IST
മങ്കൊന്പ്: പ്രളയാനന്തരം കുട്ടനാട്ടിൽ എല്ലാം ശരിയായി എന്നു പുറംലോകവും സർക്കാരും കരുതുന്പോഴും അതിജീവനത്തിനായി പൊരുതുകയാണു കുട്ടനാടൻ ജനത. കുട്ടനാട്ടിലെ കാർഷികമേഖലയിൽ പുനരെഴുത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു. വെളിയനാട്, ചന്പക്കുളം ബ്ലോക്ക് പരിധികളിൽ ഇത്തവണ 18,387 ഹെക്ടറിലാണ് പുഞ്ചകൃഷി ഇറക്കുന്നത്. എന്നാൽ, അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി.

വിത്തു കിട്ടാതെ
ആദ്യം വിതച്ച പാടശേഖരങ്ങളിൽ കൃഷി 35 ദിവസത്തോളം പിന്നിടുന്പോൾ ചിലേടങ്ങളിൽ ഇനിയും വിത്തു ലഭിച്ചിട്ടില്ല. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിൽ മടകുത്തുന്നതിനു കാലതാമസമുണ്ടായി. നിലമൊരുക്കൽ പൂർത്തിയായി വിതയെടുത്തപ്പോൾ കൃഷിഭവനുകളിൽ മുൻകൂട്ടി പണമടച്ച കർഷകർക്കു വിത്തും ലഭ്യമായില്ല. ഒടുവിൽ കിട്ടിയ വിത്താകട്ടെ ഭൂരിഭാഗവും കിളിർത്തുമില്ല. സ്വകാര്യ വ്യക്തികളിൽനിന്ന് അധികവിലയ്ക്കു വിത്തുവാങ്ങിയാണ് പല കർഷകരും വിത പൂർത്തിയാക്കിയത്. ഇങ്ങനെ വാങ്ങിയ വിത്തിനു സബ്സിഡി തുക അക്കൗണ്ടുകളിലെത്തിക്കുമെന്ന് കർഷകർക്കു മന്ത്രി നൽകിയ വാഗ്ദാനവും ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
കൂലിനിരക്കുകൾക്കു പുറമെ വളങ്ങൾക്കും വില കൂടിയതു കർഷകരെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കി. നേരത്തേയെടുത്ത വായ്പകൾ അടയ്ക്കാനാകാത്തതിനാൽ ബാങ്കുകൾ പുതിയ വായ്പകൾ നൽകുന്നില്ല. കാർഷിക വായ്പകൾക്കു സർക്കാർ ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും മിക്ക ബാങ്കുകൾക്കും ഇതു ബാധകമായിട്ടില്ല. കടക്കണിയിലായ കർഷകർക്ക് ബാങ്കുകളിൽ നിന്നും നോട്ടീസുകൾ വന്നുകൊണ്ടിരിക്കുകയാണ്.
നഷ്ടപരിഹാരം അകലെ
പലിശയില്ലെന്നു സർക്കാർ പറയുന്പോഴും നാലു ശതമാനമുള്ള വായ്പകൾക്ക് ഒൻപതു ശതമാനം വരെ ബാങ്കുകൾ പലിശ ആവശ്യപ്പെടുന്നുണ്ട്. ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്ന പലകർഷകർക്കും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
പൂർണമായും നശിച്ച കൃഷിക്ക് 10 മുതൽ 15 ശതമാനം വരെമാത്രം നഷ്ടപരിഹാരം നൽകാമെന്നാണ് ബാങ്കുകൾ പറയുന്നത്. 80 ദിവസംവരെ പ്രായമായ നെൽകൃഷിയാണ് പ്രളയത്തിൽ പൂർണമായും നശിച്ചത്. ഏക്കറിന് 26,000 രൂപ വരെ മുടക്കിയ കർഷകർക്ക് കൃഷിഭവനുകൾ വഴിയുള്ള ഇൻഷ്വറൻസിനുള്ള നഷ്ടപരിഹാരത്തുകയായി 5400 രൂപമാത്രമാണു നഷ്ടപരിഹാരം ലഭിച്ചത്.
തകർന്ന വീടുകൾ
മഹാപ്രളയത്തെത്തുടർന്ന് വീടുകളിലുണ്ടായ നാശനഷ്ടങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. തുടർച്ചയായുണ്ടായ മൂന്നു പ്രളയങ്ങൾ ഭൂരിഭാഗം വീടുകൾക്കും കേടുപാടുകൾ വരുത്തി. അൻപതു ശതമാനത്തിലധികം കേടുപാടുകൾ സംഭവിച്ചവയാണ് പല വീടുകളും. പൂർണമായും തകർന്ന വീടുകൾക്കു പോലും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

വീടുകൾ താമസയോഗ്യമല്ലാത്തതിനെത്തുടർന്ന് നാട്ടിൽതന്നെ വാടകയ്ക്കു താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. 30 ശതമാനത്തോളം കുടുംബങ്ങളുടെയും വീട്ടുപകരണങ്ങൾ പൂർണമായും നഷ്ടമായി. എന്തെങ്കിലും നാശനഷ്ടമുണ്ടാകാത്ത വീടുകൾ ഇല്ലെന്നുതന്നെ പറയാം. എന്നാൽ, കുട്ടനാട്ടിലുണ്ടായ നഷ്ടം തിട്ടപ്പെടുത്താൻ റവന്യു വകുപ്പിനോ, ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകൾക്കോ കഴിഞ്ഞിട്ടില്ല.
കിതച്ച് വ്യാപാരവും
മഹാപ്രളയം കുട്ടനാട്ടിൽ വ്യാപാരമേഖലയുടെയും നട്ടെല്ലൊടിച്ചു. വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് മുഴുവനും നശിച്ച കച്ചവടക്കാർ വീണ്ടും ഒന്നിൽനിന്നും തുടങ്ങേണ്ട അവസ്ഥയാണ്. ജനങ്ങളുടെ വരുമാനസ്രോതസുകൾ അടഞ്ഞതും ദുരിതാശ്വാസക്കിറ്റുകളുടെ രൂപത്തിൽ അവശ്യസാധനങ്ങൾ ഒഴുകിയെത്തിയതും വ്യാപാര തളർച്ചയ്ക്ക് ആക്കം കൂട്ടി.
മഹാപ്രളയത്തിൽ കുട്ടനാട്ടിലെ ആയിരക്കണക്കിനു വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. മിക്കവയും ഇപ്പോഴും വർക്ക്ഷോപ്പുകളിൽ തന്നെയാണ്. ചില വാഹനവില്പനക്കാർ, വർക്ക്ഷോപ്പുകാർ, ഇൻഷ്വറൻസ് കന്പനികളുടെ പ്രതിനിധികൾ എന്നിവർ ചേർന്നു പ്രളയത്തിന്റെ മറവിൽ ചൂഷണം നടത്തിയെന്ന പരാതിയും ഉയർന്നിരുന്നു.