മഹാപ്രളയത്തിൽ പാലം പോയി; നൂറാംദിനത്തിലും ദുരിതയാത്ര ബാക്കി
Friday, November 23, 2018 10:24 AM IST
ചെറുതോണി: പെരിയാറിന്റെ തീരം വരെ എത്താൻ റോഡുണ്ട്, പക്ഷേ, കുറുകെ കടക്കാൻ പാലമില്ല. മഹാപ്രളയത്തിനു ശേഷം നൂറു ദിനങ്ങൾ പിന്നിടുന്പോഴും ഒരു നാടിന്റെ ദുർഗതിയാണിത്. തകർന്നുപോയ കീരിത്തോട്- പെരിയാർവാലി പാലത്തിനു മുന്നിലാണ് നാട്ടുകാർ നിസഹായരായി നിൽക്കുന്നത്.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതും ഉരുൾപൊട്ടലും മൂലമാണ് പാലം തകർന്നുവീണത്. തുടർന്ന് നാട്ടുകാർ നിർമിച്ച താത്കാലിക പാലവും കഴിഞ്ഞ ദിവസത്തെ മഴയിൽ ഒലിച്ചുപോയി. കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തിലെ ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്. രാജപുരം,തേക്കിൻതണ്ട് വഴി മുരിക്കാശേരി, തോപ്രാംകുടി, നെടുങ്കണ്ടം, കട്ടപ്പന ഭാഗത്തേക്കും കോതമംഗലം, ചേലച്ചുവട്, ഇടുക്കി ഭാഗത്തേക്കും വളരെ എളുപ്പം എത്താവുന്നതും നൂറുകണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്നതുമായ റോഡിലെ പാലമാണ് മോക്ഷം കാത്തുകിടക്കുന്നത്.
പാലത്തിന്റെ കരിങ്കൽ തൂണുകൾ പ്രളയത്തെ അതിജീവിച്ചു നിലനിൽക്കുന്നുണ്ട്. ഇതിന്റെ മുകളിലുള്ള കോണ്ക്രീറ്റ് പാലമാണ് ഒഴുകിപ്പോയത്. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ നാട്ടുകാർ സംഘടിച്ചു തടികൾനിരത്തി പാലത്തിലൂടെ കാൽനടയാത്ര സാധ്യമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഈ പാലവും ഒഴുകിപ്പോയി. ഇതോടെ ജനം പൂർണമായും ഒറ്റപ്പെട്ടു. 80 മീറ്ററോളം നീളമുള്ള പാലം പുനർനിർമിക്കാൻ ത്രിതല പഞ്ചായത്തുകൾക്കു കഴിയില്ല. പാലം നിർമിക്കാൻ കോടികൾ വേണ്ടിവരും. നിരവധി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശമാണ്. രണ്ടുപേർ ഉരുൾപൊട്ടലിൽ മരിക്കുകയും ചെയ്തിരുന്നു.
പാലം തകർന്നതോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും രോഗികളെ ആശുപത്രിയിലെ ത്തിക്കുന്നതിനും ഏറെ കഷ്ടപ്പെടേണ്ടിയും വന്നു. പാലമില്ലാതായതോടെ വിദ്യാർഥികളും രോഗികളും വയോധികരുമെല്ലാം ദുരിതത്തിലാണ്. ഈ പലത്തിനു താഴെഭാഗത്തായി പകുതിപ്പാലത്തും പെരിയാറിനു കുറുകെയുള്ള പാലം മലവെള്ളത്തിൽ ഒഴുകിപ്പോയിരുന്നു. ഇതും പുനർനിർമിച്ചിട്ടില്ല.
ബിജു കലയത്തിനാൽ