വീണവരുണ്ട്, പക്ഷേ...
Saturday, September 29, 2018 12:48 AM IST
തീർച്ചയായും സഭയിൽ പുഴുക്കുത്തുകളുണ്ട്. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അത് ഇന്നു മാത്രമല്ലെന്നു മനസിലാക്കുക. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാൾതന്നെ കള്ളനാണയമായിപ്പോയി. ആദ്യത്തെ 12 ബിഷപ്പുമാരിൽ ഒരാളായിരുന്നു യൂദാസ്. തന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയെന്ന് ക്രിസ്തു ഒരിക്കലും പശ്ചാത്തപിച്ചില്ല.
ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത് യൂദാസാണെങ്കിൽ ശത്രുക്കൾ കാൽവരിയിലേക്കു കൊണ്ടുപോയ രാത്രിയിൽ ഗുരുവിനെ തള്ളിപ്പറഞ്ഞവനായിരുന്നു പത്രോസ്. പക്ഷേ, അയാൾ നെഞ്ചുപൊട്ടി കരഞ്ഞു. പശ്ചാത്താപ വിവശനായ ആ മനുഷ്യനെ ക്രിസ്തു തന്റെ സഭയുടെ നായകനാക്കി. കയറുമെടുത്ത് കുശവന്റെ പറന്പിലേക്കു പോകാതെ പശ്ചാത്തപിച്ചിരുന്നെങ്കിൽ യൂദാസിന്റെ വിധി മറ്റൊന്നാകുമായിരുന്നു. അതാണ് സഭ. അഭിസാരികയായി ജനങ്ങൾ കല്ലെറിയാൻ കൊണ്ടുവന്ന മഗ്ദലനയുടെ ചുറ്റും നിന്നവരോട് അവൻ പറഞ്ഞത്, നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ എന്നാണ്.
പാപിനിയെ അവൻ കൈപിടിച്ചെഴുന്നേല്പിച്ചു പറഞ്ഞത് ഇനി പാപം ചെയ്യരുതെന്നാണ്. ഇന്നു മഗ്ദലന മറിയം കത്തോലിക്കാസഭയിലെ വിശുദ്ധയാണ്. പാപികളും ചുങ്കക്കാരും ധനവാനും പാവപ്പെട്ടവനും ഒക്കെ അടങ്ങുന്ന ഒരു ചെറു പ്രപഞ്ചമാണിത്. ഏതെങ്കിലും ചില വ്യക്തികളുടെ മറവിൽ സഭയെ ഇല്ലാതാക്കാനുള്ള ശ്രമമാണെങ്കിൽ അതു വിജയിക്കില്ലെന്നു വിനീതമായി പറയട്ടെ.