അകത്തിരുന്ന് അഴുകുന്നവർ
Saturday, September 29, 2018 12:44 AM IST
ഈ പ്രതിസന്ധിഘട്ടത്തിൽ സഭയുടെ ആത്മാവിനെ കളങ്കപ്പെടുത്താനും പൊതുനിരത്തിൽ അവഹേളിക്കാനും കാരണമായവർ ഇനിയും അകത്തുണ്ടാകാം. മഹത്തായ ശുശ്രൂഷാ പാരന്പര്യമുള്ള കത്തോലിക്കാ സഭയുടെ മുറിവുകളാകരുത് നിങ്ങൾ. യാചനയാണ്. ഒരാൾ തെറ്റുകാരനാകുകയോ കുറ്റാരോപിതനാകുകയോ ചെയ്യുന്പോൾ സംഭവിക്കുന്നത് എന്താണെന്നു നാം കണ്ടുകഴിഞ്ഞു. എത്രയോ മനുഷ്യരുടെ നന്മയുടെ പാരന്പര്യത്തെയാണ് നമ്മിൽ ചിലർ അവഹേളനത്തിനു വിട്ടുകൊടുത്തത്.
ശുശ്രൂഷാ പൗരോഹിത്യത്തെ യഥാർഥ അരൂപിയിൽ ഉൾക്കൊള്ളാൻ പരാജയപ്പെടുന്ന ചുരുക്കം ചില വൈദികരും സന്യസ്തരും ഒന്നു മാറിച്ചിന്തിക്കേണ്ട സമയമാണിത്. ലോകത്തിനു നിങ്ങളിലുള്ള വലിയ പ്രതീക്ഷകളെ പൂവണിയിക്കേണ്ട. പക്ഷേ, ഈ വലിയ ദൗത്യത്തിലേക്കു നിങ്ങളെ കൈപിടിച്ചു കയറ്റിയവനെ ഇനിയും കുരിശിലേറ്റരുത്.
ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം ഞായറാഴ്ച കുർബാനയിലും നേർച്ചയിടീലിലും അവസാനിക്കുന്നില്ല. ശരിയായ ക്രൈസ്തവ അരൂപിയിൽ നിറയാൻ പരിശീലിക്കേണ്ടതുമുണ്ട്. സോഷ്യൽ മീഡിയയിൽ പറയുന്നതെല്ലാം സത്യമാകണമെന്നില്ല. നശിപ്പിക്കുന്നതെല്ലാം കെട്ടിപ്പടുക്കാൻ അത്ര എളുപ്പവുമല്ല.