പ്രളയബാധിത മേഖലകളിൽ എലിപ്പനി വന്നു മരിച്ചാലും സഹായമില്ല
Friday, September 21, 2018 10:30 AM IST
പത്തനംതിട്ട: പ്രളയബാധിതമേഖലകളിൽ എലിപ്പനി ബാധിച്ചു മരിച്ച രക്ഷാപ്രവർത്തകരടക്കമുള്ളവരുടെ ആശ്രിതർക്കു സഹായങ്ങളൊന്നുമില്ല. ആശ്രിതർക്കുള്ള സഹായം പകർച്ചവ്യാധിപിടിപെട്ടു മരിച്ചതുമായി ബന്ധപ്പെട്ട് നൽകാനാകില്ലെന്നാണു സർക്കാർ വകുപ്പുകളുടെ നിലപാട്.
പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എലിപ്പനി പിടിപെട്ടു നിരവധി പേരാണു മരിച്ചത്. ഇവരിൽ ഭൂരിപക്ഷവും രക്ഷാദൗത്യത്തിനിറങ്ങിയവരാണ്. പ്രളയവുമായി ബന്ധപ്പെട്ട മുങ്ങിമരണങ്ങൾ, അപകടമരണങ്ങൾ എന്നിവ പരിശോധിച്ച് ആശ്രിതർക്ക് സഹായം നൽകാൻ വ്യവസ്ഥയുണ്ട്. മൃതദേഹം കണ്ടെത്തിയെങ്കിൽ മാത്രമേ സഹായം ലഭിക്കൂ. മരിച്ചവരുടെ ആശ്രിതർക്കുമാത്രമല്ല, പ്രളയക്കെടുതിയിൽ കാണാതായവർക്കും സഹായം നൽകാനാവില്ലെന്ന നിലപാടാണ് റവന്യു വകുപ്പിനുള്ളത്.