തീരദേശത്തെ കരങ്ങള്‍ക്ക് ആദരം, ഓര്‍മയ്ക്കായി രക്ഷ ഒരുക്കിയ വള്ളവും...
Monday, September 17, 2018 2:47 PM IST
നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ട് അറിഞ്ഞ കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂള്‍, പ്രളയത്തിന്റെ മുപ്പതാംനാള്‍ നിരവധി പേരുടെ ജീവന് കാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം നല്കി.
ദുരിതാശ്വാസ വേളയില്‍ പങ്കെടുത്ത മത്സ്യതൊഴിലാളികള്‍ സമ്മാനിച്ച വള്ളം സ്കൂളില്‍ സ്ഥാപിക്കുകയും ചെയ്തു.കോഴഞ്ചേരി, ആറന്മുള, തെക്കേമല പ്രദേശത്തെ ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍, പാഠപുസ്തകം മുതല്‍ എല്ലാം.
പ്രളയം കഴിഞ്ഞ് ഓരോ കുട്ടികളുടെ വീട്ടിലും എത്തിയ അധ്യാപകര്‍ അവരെ കൈ പിടിച്ചുയര്‍ത്താനുള്ള യജ്ഞത്തിലായിരുന്നു. അത് ഏറെകുറെ പൂര്‍ത്തിയാക്കിയ ശേഷമാണ് നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന് വള്ളം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പ്രളയത്തില്‍ വെള്ളം ഉയര്‍ന്ന അതേ നിരപ്പിലാണ് വള്ളം സ്കൂളില്‍ വച്ചിട്ടുള്ളത്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ഓര്‍ക്കാനും പ്രളയ സ്മരണ നിലനിര്‍ത്തുന്നതിനും കുട്ടികളില്‍ സഹായ മനോഭാവത്തിന്റെ ചിന്തകള്‍ രൂപീകരിക്കാനുമാണ് സ്കൂള്‍ ഈ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് സ്കൂളിന്റെ ഉദ്ദേശ ശുദ്ധിയെ മാനിച്ചും മത്സ്യതൊഴിലാളികളുടെ അഭ്യര്‍ഥന പ്രകാരവും പമ്പാതീരത്തെ ജനങ്ങളുടെ ജീവന് രക്ഷാമാര്‍ഗമായി മാറിയ വള്ളം സ്കൂളിന് നല്കാന് തീരുമാനിക്കുകയായിരുന്നു.
കൊല്ലം വാടി കടപ്പുറത്തു നിന്നും എത്തിച്ച വള്ളത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും സ്കൂളില്‍ സ്വീകരണം നല്കി.
പ്രളയം വിഴുങ്ങിയ ഓഗസ്റ്റ് 15 നു ശേഷം ഒരു മാസം പിന്നിട്ട സെപ്റ്റംബര്‍ 15 ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പൂര്‍വ വിദ്യാർഥികളും ഉള്‍പ്പെട്ട വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രക്ഷകരായ ഷിബു, റോയ്, ജയിംസ് കുട്ടി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ പൊന്നാട നല്കി ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചത് വികാരനിര്‍ഭരമായിരുന്നു. ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവിതം തിരിച്ചെടുത്തവരും തങ്ങളുടെ രക്ഷകരെ കാണാന്‍ എത്തിയിരുന്നു. അവര്‍ തങ്ങളുടെ ജീവന് രക്ഷിച്ചവരെ കണ്ടപ്പോള്‍ പൊട്ടി കരഞ്ഞു. സ്നേഹ വാത്സല്യത്തോടെ അവരെ വീടുകളിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയവരുടെ സങ്കട കടല്‍ വികാര നിര്ഭരമായിരുന്നുക്രിസ്റ്റഫര് ദാസ്, ചന്ദ്രശേഖരക്കുറുപ്പ്, സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ജി.രമണി, ജി. ശ്രീരഞ്ജു എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.