പ്രളയത്തിൽ ആത്മവിശ്വാസം തകർന്നത് വലിയ നഷ്ടം: ഉമ്മൻ ചാണ്ടി
Monday, September 17, 2018 12:06 PM IST
കൊച്ചി: കേരള ജനതയുടെ ആത്മവിശ്വാസം തകർന്നതാണു പ്രളയത്തിൽ സംസ്ഥാനത്തിനു സംഭവിച്ച ഏറ്റവും വലിയ നഷ്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തിയ ‘പ്രളയവും ഡാം സുരക്ഷയും’എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കനത്ത മഴയോടൊപ്പം ഡാം തുറന്നു വിട്ടതു വലിയ അപകടങ്ങൾക്കു കാരണമായി. വെള്ളം കൂടുന്നതിനു മുന്‍പേ ഡാം തുറന്നുവിടണമായിരുന്നു. അധികജലത്തിൽനിന്നു കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ പോയതു വൻ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ സംസ്ഥാനത്തിന് 20,000 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ 40,000 കോടി രൂപയുടെ കണക്കാണു പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
എറണാകുളം കച്ചേരിപ്പടി ആശിർഭവനിൽ നടന്ന ചടങ്ങിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ പ്രസിഡന്റ് കെ.പി. ധനപാലൻ അധ്യക്ഷതവഹിച്ചു. വി.ഡി. സതീശൻ എംഎൽഎ ‘പ്രളയവും ഡാം സുരക്ഷയും’എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
ഹൈബി ഈഡൻ എംഎൽഎ, ആര്യാടൻ മുഹമ്മദ്, ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, കെ.ബാബു, ടോണി ചമ്മണി, അബ്ദുൾ മുത്തലിബ്, ഷാഹുൽ ഹമീദ്, എസ്. സുദേവൻ എന്നിവർ പങ്കെടുത്തു.