പ്രളയത്തിനുശേഷം മടങ്ങിവന്നത് കുട്ടവഞ്ചി സവാരി മാത്രം
Sunday, September 16, 2018 7:04 PM IST
പ്രളയകാലത്ത് നാടിന്റെ രക്ഷകരായിരുന്നു കുട്ടവഞ്ചിക്കാർ. കൊല്ലത്തുനിന്നും വിഴിഞ്ഞത്തുനിന്നും മത്സ്യത്തൊഴിലാളികൾ ബോട്ടുമായി എത്തുന്നതിനു മുന്‍പേ കുട്ടവഞ്ചിക്കാർ പ്രളയമേഖലകളിൽ രക്ഷാപ്രവർത്തകരായി.പന്പാതീരത്ത് ആദ്യം വെള്ളം കയറിയ റാന്നിയിലായിരുന്ന കുട്ടവഞ്ചിക്കാരുടെ സേവനം ഏറെ പ്രയോജനപ്പെടുത്തിയത്.
റാന്നിയിൽ നിരവധിയാളുകളെയാണ് കുട്ടവഞ്ചിയിൽ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് 15നു രാവിലെ മുതൽക്കാണ് ഇവർ റാന്നിയിലേക്ക് ഓടിയെത്തിയത്. ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ വഞ്ചികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി.മടങ്ങിവന്ന് ഏതാനും ദിവസം പ്രളയക്കെടുതിയിൽ വിശ്രമമായിരുന്നു. പിന്നീട് ജില്ലയിലെ ടൂറിസം മേഖലയെ പിടിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. അടവിയിലും മൂഴിയാറിലേക്കുള്ള പാതയിലും കുട്ടവഞ്ചികളുണ്ട്. രണ്ടിടത്തും ഇപ്പോൾ സഞ്ചാരികളുടെ സാമാന്യം നല്ല തിരക്കുണ്ട്.
ആങ്ങമൂഴിയിൽ
ഗവിയിലേക്കുള്ള സഞ്ചാരികള്‍ കടന്നുപോകുന്ന പ്രധാന ഭാഗമായിരുന്ന കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിന് സമീപമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം. പ്രളയശേഷം ഗവിയിലേക്കുള്ള പ്രവേശനം താത്കാലികമായ നിര്‍ത്തിയ സാഹചര്യത്തിലാണ് ആങ്ങമൂഴിയില്‍ സഞ്ചാരികളുടെ തിരക്ക് കൂടി. രാവിലെ ആറര മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൂര്‍ണമായും വനത്തിലൂടെയുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ ദിവസവും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.
സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം സീതത്തോട് ഗവി ജനകീയ ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയ്ക്കാണ്. 16 കുട്ടവഞ്ചികളാണ് സഞ്ചാരികള്‍ക്കായി ഇവിടെയുള്ളത്. ഒരു കുട്ടവഞ്ചിയില്‍ ലൈഫ് ഗാര്‍ഡ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം.
നാല് പേര്‍ക്ക് 400 രൂപയാണ് ഒരു സവാരിക്ക് ഈടാക്കുന്നത്. 17 ജീവനക്കാരാണ് ഇവിടെ സഞ്ചാരികളുടെ സേവനത്തിനായുള്ളത്. കൂടാതെ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പ് രണ്ട് കോടി രൂപയുടെ പദ്ധതി സവാരി കേന്ദ്രത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
ട്രീഹട്ട്, കയാക്കിംഗ്, നടപ്പാത, ഫാമിലിപാര്ക്ക്, ഊഞ്ഞാല്, ബയോ ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവയുള്പ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. കുടുംബശ്രീ കഫേ നിര്‍മാണത്തിന്റെ പണികള്‍ അന്തിമഘട്ടത്തിലാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കും ക്രമീകരിച്ചിട്ടുണ്ട്.