25 ദിവസംകൊണ്ടു ലഭിച്ച മഴ നാലു സെന്റിമീറ്റർ
Sunday, September 16, 2018 6:26 PM IST
പ്രളയം കഴിഞ്ഞ ശേഷം വരൾച്ച. കഴിഞ്ഞ 25 ദിവസംകൊണ്ടു സംസ്ഥാനത്തു ലഭിച്ച മഴ വെറും 4.022 സെന്റിമീറ്റർ. ഓഗസ്റ്റ് 16-22 ആഴ്ചയിൽ മൊത്തം 30.27 സെന്റിമീറ്റർ മഴ ലഭിച്ച സ്ഥാനത്താണിത്.
പ്രളയത്തിന്റെ രണ്ടു ദിവസം 60 സെന്റിമീറ്റർ മഴ ലഭിച്ച ഇടുക്കി ജില്ലയിൽ ഓഗസ്റ്റ് 22-നുശേഷം ലഭിച്ചത് 4.912 സെന്റിമീറ്റർ മാത്രം. തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 22നു ശേഷം മഴയേ ലഭിച്ചിട്ടില്ല. സെപ്റ്റംബർ അഞ്ചിനവസാനിച്ച ആഴ്ചയിൽ 7.9 മില്ലിമീറ്ററും 12 ന് അവസാനിച്ച ആഴ്ചയിൽ 2.1 മില്ലിമീറ്ററുമാണ് സംസ്ഥാനത്തു ലഭിച്ച മഴ. തുടർന്നുള്ള മൂന്നു ദിവസവും ഒരു തുള്ളി മഴ പോലും പെയ്തില്ല. അതായത് 17 ദിവസം കൊണ്ട് സംസ്ഥാനത്തു ലഭിച്ചത് കേവലം പത്തു മില്ലിമീറ്റർ മഴ. ജൂണിൽ 15 ശതമാനവും ജൂലൈയിൽ 18 ശതമാനവും അധികമഴ സംസ്ഥാനത്തു ലഭിച്ചിരുന്നു. ഓഗസ്റ്റിലാകട്ടെ 96 ശതമാനം അധികമഴ ലഭിച്ചു. രേഖപ്പെടുത്തപ്പെട്ട മഴക്കണക്കുകൾ വച്ച് ഇത്തവണത്തേത് ഓ ഗസ്റ്റിൽ ലഭിക്കുന്ന നാലാമത്തെ വലിയ മഴയാണ്.
ശനിയാഴ്ച രാവിലെ വരെ സംസ്ഥാനത്തു ലഭിച്ച കാലവർഷമഴ 243.43 സെന്റിമീറ്റർ ആണ്. സാധാരണ ലഭിക്കേണ്ട 190.22 സെന്റിമീറ്ററിനേക്കാൾ 28 ശതമാനം അധികം. സെപ്റ്റംബർ 30 വരെയുള്ള മൊത്തം കാലവർഷ സീസണിൽ സാധാരണ ലഭിക്കേണ്ട 203.96 സെന്റിമീറ്റർ മഴയാണ്.
ഈ ആഴ്ച പകുതിയോടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളാൻ പോകുന്ന ന്യൂനമർദം വളർച്ച പ്രാപിക്കുമെന്നു പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ മഴ ലഭിക്കാൻ ഇടയുണ്ട്.