പ്രളയദുരന്തത്തിനു പിന്നാലെ പിരിവുദുരന്തം: എം.എം. ഹസൻ
Sunday, September 16, 2018 6:23 PM IST
പ്രളയദുരന്തത്തെ നേരിട്ട കേരളീയർ പിരിവുദുരന്തത്തെ നേരിടുന്നതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. പ്രളയകാലത്തു സന്നദ്ധ സംഘടനകൾ, നാട്ടുകാർ, സർക്കാർ എന്നിവർക്കെല്ലാം പിരിവു നൽകിയവരാണു നാട്ടുകാർ. എന്നിട്ടിപ്പോൾ സർക്കാരിന്റെ നിർബന്ധിത പിരിവ് നേരിടുകയാണ്. വായ്പയെടുത്താൽ മാത്രമേ പിരിവു നൽകാൻ കഴിയൂവെന്നു നാട്ടുകാർ പരാതിപ്പെടുകയാണ്. ലഭിച്ച ടാർജറ്റുമായി ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി നിർബന്ധിത പണം പിരിവ് നടത്തുന്നു.
വിദ്വേഷത്തിന്റെയും വിരട്ടലിന്റെയും ഭാഷയിലാണ് ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശന്പളം പിടിച്ചെടുക്കുന്നത്. കൊടുക്കാത്തവരിൽനിന്നു വിസമ്മതപത്രം തേടുന്നു. സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരെ ശിക്ഷിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നു. സഹകരണ സംഘത്തിന്റെ ലാഭവിഹിതം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നതാണ് അവസാനത്തെ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സർക്കാർ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കണം. കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്യു പ്രവർത്തകർക്കെതിരേ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു തിങ്കളാഴ്ച റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.