തകർന്ന പൊതുആസ്തികൾ പുനഃസ്ഥാപിക്കാൻ നടപടികൾ തുടങ്ങി
Saturday, September 15, 2018 2:07 PM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന പൊതു ആസ്തികൾ പുനസ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികൾ തുടങ്ങി. ഇതിനായി ഓരോ ഗ്രാമ പ്രദേശത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കേണ്ട പ്രവൃത്തികൾ ഏതൊക്കെയാണെന്ന നിർദേശങ്ങൾ തൊഴിലുറപ്പ് മിഷൻ ബന്ധപ്പെട്ടവർക്ക് നൽകി. ഇതിനായി പ്രവൃത്തി കണ്ടെത്താൻ ആദ്യം വാർഡ് തലത്തിൽ ദ്രുതഗ്രാമപഠനം നടത്തും.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, കുടംബശ്രീ പ്രവർത്തകർ എന്നിവരടങ്ങുന്ന ടീമാണ് പഠനത്തിന് നേതൃത്വം കൊടുക്കുക. ഇവർക്കാവശ്യമായ സാങ്കേതിക പിന്തുണ തൊഴിലുറപ്പ് പദ്ധതിയിടെ അക്രഡിറ്റഡ് എൻജിനിയർമാരും ഓവർസിയർമാരും തദ്ദേശസ്വയംഭരണ എൻജിനിയർമാരും നൽകും.
പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പുനസ്ഥപനത്തിനായി 2018 ലെ വാർഷിക മാസ്റ്റർ സർക്കുലർ പ്രകാരം പ്രവർത്തികൾ ഏറ്റെടുക്കാവുന്നതാണ്. പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾ ചെയ്ത് പുനസ്ഥാപനം, സ്കൂൾ ശൗചാലയങ്ങളുടെ പുനർനിർമാണവും അറ്റകുറ്റ പണിയും, തകർന്ന കലുങ്കുകളുടെ പുനഃസ്ഥാപനം, തകർന്ന ചെക്ക് ഡാമുകൾ, പൊതുകിണറുകൾ, ജലസേചന കനാലുകൾ എന്നിവയുടെ പുനർനിർമാണം, കന്പോസ്റ്റ് സംവിധാനങ്ങളുടെ പുനഃസ്ഥാപനം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓവുചാലുകൾ എന്നിവയുടെ പുനർനിർമാണവും അറ്റകുറ്റപണികളും ഏറ്റെടുക്കാവുന്ന പ്രവൃത്തിയിൽ ഉൾപ്പെടുന്നു.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിയെടുക്കുന്പോൾ ദുർബല വിഭാഗങ്ങളുടെ പുരയിടങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. കൂടാതെ പ്രളയക്കെടുതിയുടെ നഷ്ടപ്പെട്ട തൊഴിൽ കാർഡുകൾക്ക് പകരം പുതിയ കാർഡുകൾ വിതരണം ചെയ്യുമെന്നും, തൊഴിലുറപ്പ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും, പ്രളയക്കെടുതിമൂലം തൊഴിലില്ലാതെ വിഷമത അനുഭവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും തൊഴിൽ ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടുമെന്നും മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.