പ്രളയബാധിതർക്ക് ഒരു കോടിയുടെ സഹായവുമായി കാഞ്ഞിരപ്പള്ളി രൂപത
Saturday, September 15, 2018 2:06 PM IST
കാഞ്ഞിരപ്പള്ളി: പ്രളയബാധിതർക്ക് ഒരു കോടിയോളം രൂപയുടെ സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി രൂപത. പ്രളയ ദുരന്ത സമയത്ത് അന്പത് ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവസ്തുക്കൾ മലനാട് ഡെവലപമെന്റ് സൊസൈറ്റി വഴി വിതരണം ചെയ്തതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അന്പത് ലക്ഷം രൂപയുടെ സാന്പത്തിക സഹായവും കൈമാറി. ഇന്നലെ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കലാണ് അന്പത് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, കെ. രാജു എന്നിവർക്ക് കൈമാറിയത്.
കളക്ടർ ബി.എസ്. തിരുമേനി, ഡോ. എൻ. ജയരാജ് എംഎൽഎ, വികാരി ജനറാൾമാരായ ഫാ. ജസ്റ്റിൻ പഴേപറന്പിൽ, റവ. ഡോ. കുര്യൻ താമരശേരി എന്നിവരും ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. സെബാസ്റ്റ്യൻ കിളിരൂപറന്പിൽ, ഫാ. മാർട്ടിൻ വെള്ളിയാംകുളം എന്നിവരും പങ്കെടുത്തു. ദുരിതാശ്വാസനിധിയിലേക്ക് നൽകുന്ന സഹായങ്ങൾ അർഹരായവരിലേക്ക് എത്തണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നു ബിഷപ് മന്ത്രിമാരോടു പറഞ്ഞു. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തുടർന്നും സഹകരിക്കാമെന്ന ഉറപ്പും ബിഷപ് മാർ ജോസ് പുളിക്കൽ മന്ത്രിമാർക്കു നൽകി.
സാന്പത്തിക സഹായം കൂടാതെ നിർമാണ പ്രവർത്തനങ്ങളടക്കം നടത്തിയും ദുരിത്വാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം കൈകോർക്കാമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു.