കുട്ടനാടിനു കൈനിറയെ സ്നേഹവുമായി വിഴിഞ്ഞത്തുനിന്ന് അവരെത്തി
Saturday, September 15, 2018 2:03 PM IST
ചങ്ങനാശേരി: പ്രളയകാലത്ത് രക്ഷകരായെത്തിയ വിഴിഞ്ഞം സിന്ധുയാത്ര മാതാ ദേവാലയ ഇടവകാംഗങ്ങളായ മത്സ്യത്തൊഴിലാളികൾ കുട്ടനാട് സന്ദർശിക്കാനെത്തി. വെറുകൈയോടെയല്ല. വികാരി ഫാ. ജസ്റ്റിൻ ജൂഡിന്റെ നേതൃത്വത്തിൽ പത്തുലക്ഷം രൂപയും വസ്ത്രങ്ങളും ഇതര സാമഗ്രികളുമായാണ് അവരെത്തിയത്. മത്സ്യബന്ധനവും അനുബന്ധ ജോലികളും ചെയ്തു ജീവിക്കുന്ന 4,500 കൂടുംബങ്ങളിൽനിന്നു പാരിഷ് കൗണ്‍സിലും യൂത്ത് മൂവ്മെന്റും ജീസസ് യൂത്തും ചേർന്നു വൈദികരുടെ നേതൃത്വത്തിൽ സമാഹരിച്ച പണവും വിഭവങ്ങളുമായാണ് അവർ കുട്ടനാടിനു സ്നേഹം പങ്കിടാനെത്തിയത്.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഏതാനും വ്യക്തികളും പാരിഷ് കൗണ്‍സിൽ അംഗങ്ങളുമാണ് ഇടവക വികാരി ഫാ. ജസ്റ്റിൻ ജൂഡിന്റെ നേതൃത്വത്തിൽ പ്രളയമേഖലകൾ സന്ദർശിച്ചത്. രാവിലെ ചങ്ങനാശേരിയിലെത്തിയ സംഘത്തെ ഫാ.മാത്യു മറ്റം, കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് ജോർജ് വർക്കി, ട്രഷറർ പി.സി. കുഞ്ഞപ്പൻ, എക്സിക്യുട്ടീവ് കമ്മറ്റി അംഗം ബാബു തേവലശേരി, ബ്രദർ ഫ്രാൻസിസ് എന്നിവർ ചേർന്നു സ്വീകരിച്ചു.
സംഘം പ്രളയബാധിത മേഖലകളായ കൈനകരിയും പാണ്ടിശേരിയും സംഘം സന്ദർശിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ സംഘം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരെയും സന്ദർശിച്ചു.