ബാലനു പശുക്കളെ കിട്ടും; പ്രളയദുഃഖം ഒഴിയും
Saturday, September 15, 2018 2:02 PM IST
കൊച്ചി: പ്രളയമുണ്ടാക്കിയ സങ്കടജീവിതത്തെ ബാലൻ അതിജീവിക്കും. ജീവനോപാധിയായിരുന്ന പശുക്കളും താമസിച്ചിരുന്ന കൊച്ചുകൂരയും പ്രളയം കൊണ്ടുപോയപ്പോൾ തൊഴുത്തിൽ അന്തിയുറങ്ങേണ്ടിവന്ന ബാലനു കൈത്താങ്ങാകാൻ സുമനസുകളെത്തി.
നോർത്ത് പറവൂർ ചിറ്റാട്ടുകര ആളംതുരുത്തിൽ താമസിക്കുന്ന കരുവേലിപ്പാടം ബാലന്റെ ജീവിതകഥ കഴിഞ്ഞ ദിവസം ""ദീപിക’’യിലൂടെ അറിഞ്ഞവരാണു സഹായഹസ്തങ്ങളുമായെത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, കറവയുള്ള രണ്ടു പശുക്കളെ ബാലനു നൽകും. സിയാലിന്റെ ഏവിയേഷൻ കോഴ്സിൽ അധ്യാപകനായ കൊച്ചി സ്വദേശി ബിജുവും വാർത്ത കണ്ടു ബാലനു പശുവിനെ വാങ്ങി നൽകാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. വീടു നിർമാണം പുനരാരംഭിക്കാൻ ആവശ്യമായ തുക ഉടൻ അനുവദിക്കുമെന്നു ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് അധികൃതരും അറിയിച്ചു.
സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി ബാലന്റെ താമസസ്ഥലത്തെത്തിയാണു പശുക്കളെ നൽകാനുള്ള സന്നദ്ധതയറിയിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിയുടെ നേതൃത്വത്തിൽ ബാലന്റെ കുടുംബത്തിന് ആവശ്യമായ വീട്ടുപകരണങ്ങൾ, കട്ടിൽ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങി നൽകി. സാന്പത്തിക സഹായവും കൈമാറി. ആനിമേറ്റർമാരായ സിസ്റ്റർ ആൻസി, സിസ്റ്റർ ജെയ്സി, പ്രദേശവാസിയായ അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭാര്യയും അവിവാഹിതയായ മകളും പ്രളയം ബാക്കിയാക്കിയ ഒരു പശുവിനുമൊപ്പമാണു ബാലൻ തൊഴുത്തിൽ അന്തിയുറങ്ങുന്നത്. എട്ടു പശുക്കളുണ്ടായിരുന്നതിൽ കറവയുണ്ടായിരുന്ന അഞ്ചെണ്ണം ഉൾപ്പെടെ ഏഴു പശുക്കളും പ്രളയത്തിൽ നഷ്ടമായിരുന്നു. വീടു നിർമാണം തുടങ്ങിയിരുന്നെങ്കിലും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. പശുക്കളെ ലഭിക്കുന്നതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ടെന്നു ബാലൻ പറഞ്ഞു.
നേരത്തെ പശുക്കളെ വാങ്ങുന്നതിനു പ്രദേശത്തെ സർവീസ് സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പാതുക തിരിച്ചടയ്ക്കാനാകാത്തതിനാൽ ബാലനു ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിൽ ബാങ്ക് ഇളവു ചെയ്തു നൽകുമെന്ന പ്രതീക്ഷയിലാണു ബാലന്റെ കുടുംബം.
സിജോ പൈനാടത്ത്