പ്രളയദുരന്തം നേരിടുന്നതിന് 1236 കോടി അനുവദിച്ചു
Saturday, September 15, 2018 2:01 PM IST
തിരുവനന്തപുരം: പ്രളയദുരന്തം നേരിടുന്നതിനു ജില്ലകൾക്കു സർക്കാർ നേരിട്ട് 816 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 420 കോടി രൂപയും ഇതിനോടകം അനുവദിച്ചതായി മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
1236 കോടി രൂപ ബന്ധപ്പെട്ടവർക്കു ജില്ലാ കളക്ടർമാർ വിതരണം ചെയ്യുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു 10,000 രൂപ വീതം 5.27 ലക്ഷം കുടുംബങ്ങൾക്കു നൽകി. ഇനി 48,411 കുടുംബങ്ങൾക്കു കൂടി നൽകാനുണ്ട്. പ്രളയത്തിലായ 99.6% വീടുകളും വൃത്തിയാക്കി. ആൾ താമസമില്ലാത്ത വീടുകളാണ് ഇനി ശേഷിക്കുന്നത്. മരിച്ച 193 പേരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ വീതം നൽകി. ശേഷിക്കുന്നത് അതിവേഗം വിതരണം ചെയ്യും. 5835 പൊതു സ്ഥാപനങ്ങളും 2.94 ലക്ഷം കിണറുകളും വൃത്തിയാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സംഭാവന 1210 കോടിയായതായും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്കൂളുകളിൽനിന്ന് 15 കോടിയോളം രൂപ പിരിച്ചെടുത്തു. എലിപ്പനിക്കു പിന്നാലെ ഡെങ്കിപ്പനി,കോളറ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. എല്ലാ ജില്ലകളിലും മന്ത്രിമാർ നടത്തുന്ന പിരിവിനു നല്ല പ്രതികരണമാണു ലഭിക്കുന്നത്. തലസ്ഥാനത്തു വന്നു പണം നൽകാൻ സാധിക്കാത്തവർ മന്ത്രിമാർക്കു നൽകുന്നുണ്ട്. ചുരുക്കം ചില ക്യാംപുകൾ ഒഴിച്ചാൽ മറ്റെല്ലാം സ്കൂളുകളിൽ നിന്നു മാറ്റിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധനയിൽ കണക്കാക്കിയ 40,000 കോടി രൂപയുടെ നഷ്ടം അപൂർണമാണ്.കൂടുതൽ നഷ്ടം കണക്കാക്കിയെടുക്കാൻ കുറെക്കൂടി സമയം എടുക്കും. യുഎഇയിൽ നിന്നുള്ള സാന്പത്തിക സഹായ വാഗ്ദാനം പഴയ അവസ്ഥയിൽ തന്നെയാണെന്നും ജയരാജൻ പറഞ്ഞു.