പ്രളയ സേവനത്തിന് 6.76 കോടി വേണം
Saturday, September 15, 2018 2:01 PM IST
തൃശൂർ: കേരളത്തിലുണ്ടായ പ്രളയകാലത്തു കെഎസ്ആർടിസി നടത്തിയ സേവനപ്രവർത്തനങ്ങൾക്കു പ്രതിഫലമായി 6.76 കോടി രൂപ ആവശ്യപ്പെട്ട് കോർപറേഷൻ സർക്കാരിനു കത്ത് നൽകി. ഈ തുക റവന്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽനിന്നു ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു (റവന്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) വിശദമായ കത്ത് നല്കിയിരിക്കുന്നത്.
വിവിധ ജില്ലകളിൽ കെഎസ്ആർടിസി ഡിപ്പോകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കി അതാതു ജില്ലകളിലെ കളക്ടർമാർക്കു സമർപ്പിക്കാൻ യൂണിറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് കെഎസ്ആർടിസിക്കു 127 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും കോർപറേഷൻ പത്രക്കുറിപ്പിൽ പറയുന്നു.
കട്ടപ്പന ഡിപ്പോ ഉരുൾപൊട്ടലിലും മലവെള്ളത്തിലും ഒലിച്ചുപോവുകയും ആറു ഡിപ്പോകൾ പൂർണമായും പതിനാറ് ഡിപ്പോകൾ ഭാഗികമായും വെള്ളത്തിനടിയിലാവുകയും ചെയ്തു. നിരവധി ജീവനക്കാരുടെ വീടുകൾ വെള്ളത്തിലായി. അവരുടെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കു വഹിക്കുകയായിരുന്നുവെന്നു കോർപറേഷന്റെ വെബ്സൈറ്റിൽ പറയുന്നു.
പ്രളയകാലത്ത് കെഎസ്ആർടിസി നടത്തിയ പ്രവർത്തനങ്ങൾ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ആരംഭിച്ച അന്നുമുതൽ 210 ബസുകളും അതിന്റെ ഇരട്ടി ജീവനക്കാരേയും രക്ഷാപ്രവർത്തനത്തിനായി പൂർണമായും വിവിധ ജില്ല കളക്ടർമാരുടെയും റവന്യു അധികാരികളുടേയും പക്കലേക്ക് വിട്ടുനൽകിയിരുന്നു. ജില്ലാ കളക്ടർമാരുടേയും ഡിസാസ്റ്റർ മാനേജ്മെന്റിന്റേയും ആവശ്യപ്രകാരം വാഹനങ്ങൾ വിട്ടുനൽകിയിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും സംഭരിച്ച സാധനസാമഗ്രികൾ കോർപറേഷൻ ബസുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട സൈനികർ, അർധസൈനികവിഭാഗം, പോലീസ്, മെഡിക്കൽ വിഭാഗം, മറ്റു ദുരിതാശ്വാസ പ്രവർത്തകർ എന്നിവരെ ദുരിത മേഖലകളിൽ എത്തിക്കുന്നതിന് ബസുകൾ വിട്ടുനല്കി. ഓഫീസർമാരും സൂപ്പർവൈസർമാരും ജീവനക്കാരും നേരിട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കേരളം പ്രളയത്തിൽ മുങ്ങിനിന്നപ്പോൾ വാഹനഗതാഗതം നടത്താൻ കഴിയുമായിരുന്ന എല്ലാ സ്ഥലങ്ങളിലേക്കും ലാഭനഷ്ടം നോക്കാതെ സർവീസ് നടത്തി. ഏറ്റവും കൂടിയ വെള്ളപ്പൊക്ക സമയത്തും 5,300 ഷെഡ്യൂളുകളിൽ 2,600 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തു.
വെള്ളത്തിൽകൂടി ഓടിക്കുമ്പോൾ വെള്ളം കയറി 150 ബസുകൾ കേടായി. ഈ ബസുകളിലെ യാത്രക്കാരെ സുരക്ഷിതമായി അടുത്ത ക്യാമ്പുകളിൽ എത്തിച്ചശേഷം ജീവനക്കാർ ബസുകൾക്കു കാവലിരുന്നു. ഒറ്റ ജീവനക്കാരൻപോലും സ്വയരക്ഷ നോക്കി മാറിനിൽക്കാൻ ശ്രമി
ച്ചില്ല.
ഹെലികോപ്റ്ററുകളിലും ബോട്ടിലും രക്ഷിച്ചെത്തുന്നവരെ ക്യാമ്പുകളിലേക്ക് എത്തിച്ചതു കോർപറേഷന്റെ ബസുകളിലാണ്. രക്ഷാബോട്ടുകളിലെ സുരക്ഷാ ഉപകരണങ്ങൾക്കു കാറ്റുനിറച്ചു നൽകിയും ബാരലുകൾ കൂട്ടിക്കെട്ടി തത്കാലിക വഞ്ചികളാക്കിയും ഓയിൽ ബാരലുകൾ നൽകിയും ബോട്ടുകൾ ഇറക്കാൻ ടയറും ട്യൂബും നൽകുന്നതിനും കെഎസ്ആർടിസി മുൻനിരയിലുണ്ടായിരുന്നതായി കോർപറേഷൻ വിശദീകരിക്കുന്നു. സുരക്ഷാവിഭാഗങ്ങളുടെ വാഹനങ്ങൾ റിപ്പയർ ചെയ്തു നൽകുന്നതിനും കോർപറേഷൻ മുൻകൈയെടുത്തു. അപകടമേഖലകളിൽ ബസുകൾക്കു ഡീസൽ എത്തിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റു കെഎസ്ആർടിസി വാഹനങ്ങളിൽനിന്നു ഡീസൽ ചോർത്തി ബസുകൾ ഓടിച്ചു.
യൂണിറ്റിൽ ഒരു തരത്തിലും എത്താൻ കഴിയാത്ത ജീവനക്കാർ സർക്കാർ വാഹനങ്ങളും ട്രക്കുകളും ഓടിക്കുന്നതിനു സ്വയം മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പ്രളയകാലത്തു കെഎസ്ആർടിസിയുടെ സഹായസേവനങ്ങൾ ഏതെങ്കിലും ഒരുതരത്തിൽ ലഭിക്കാത്ത ഒരു പൗരനും കേരളത്തിലുണ്ടാവില്ലെന്നും ഈ സ്ഥാപനം ജനങ്ങളുടേതാണെന്നും സർക്കാർ സംവിധാനമാണെന്നും കേരളത്തിന്റെ ജീവനാഡിയാണെന്നുമുള്ള ബോധ്യമാണ് കോർപറേഷനിലെ ജീവനക്കാരെ നയിക്കുന്നതെന്നും വെബ്സൈറ്റിൽ നൽകിയ കുറിപ്പിൽ കെഎസ്ആർടിസി ചെയർമാനും എംഡിയുമായ ടോമിൻ തച്ചങ്കരി പറയുന്നു.