മൂന്നാഴ്ചയ്ക്കകം കളക്ടർമാർ ഭൂമി കണ്ടെത്തി റിപ്പോർട്ട് നൽകണം
Friday, September 14, 2018 10:35 AM IST
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഓരോ ജില്ലയിലേയും വാസയോഗ്യമായ ഭൂമി കണ്ടെത്തി കളക്ടർമാർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ്. ഭൂമി ലഭ്യമായിടത്ത് ഓരോ കുടുംബത്തിനും മൂന്നു മുതൽ അഞ്ച് വരെ സെന്റ് ഭൂമി നൽകി അതിൽ വീടുകൾ നിർമിക്കണം. ഭൂമി ലഭ്യത കുറവുള്ളിടത്ത് ഫ്ളാറ്റുകൾ നിർമിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ദുരന്തനിവാരണ വകുപ്പു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഉരുൾപൊട്ടലിനെ തുടർന്നും മറ്റും വാസയോഗ്യമല്ലാതാകുകയും പരിസ്ഥിതിക്ക് അനുയോജ്യമല്ലാതാകുകയും ചെയ്ത ഭൂമി ഏതാണെന്നു കണ്ടെത്തണം. എല്ലാ കളക്ടർമാരും ജില്ലകളിൽ ഇതുപോലെ എത്ര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നു കണ്ടെത്തി അവർക്ക് പുനരധിവാസം സാധ്യമാക്കുന്നതിന് വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമി കണ്ടെത്തി മൂന്നാഴ്ചക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.
സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ മറ്റു വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയോ സന്നദ്ധ സംഘടനകളോ വ്യക്തികളോ സ്ഥാപനങ്ങളോ സംഭാവന ചെയ്യുന്ന ഭൂമിയോ ഇതിനായി ഉപയോഗിക്കാം. എല്ലാ ജില്ലകളിലേയും പുനരധിവാസ പ്രവർത്തനം ഏകോപിപ്പിച്ച് ക്രോഡീകരിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു.