പുനരധിവാസം: കർണാടകത്തെ കണ്ടുപഠിക്കണമെന്നു ചെന്നിത്തല
Friday, September 14, 2018 10:34 AM IST
തിരുവനന്തപുരം: കേരളത്തിലെ പ്രളയദുരന്തമേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഒച്ചിന്റെ വേഗത്തിൽ നീങ്ങുമ്പോൾ പ്രളയത്തിൽപ്പെട്ട കർണാടകത്തിലെ കുടക് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ അവിടത്തെ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയത് കേരളം കണ്ടുപഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയിലെ തന്നെ വിവിധ കേന്ദ്ര ഏജൻസികളുടെ സഹായം ഉറപ്പാക്കിയാണ് പുനരധിവാസ പ്രവർത്തനങ്ങളുമായി കർണാടക സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ, കേരളമാകട്ടെ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നു തിരുമാനിക്കാൻ കെപിഎംജിയെ പോലുള്ള വിദേശ ഏജൻസിയെ നിയോഗിച്ചിരിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിസഭ പോലും കൂടാനാകാത്തവിധം മന്ത്രിമാരുടെ പടലപ്പിണക്കം അതിന്റെ ഉച്ചസ്ഥിതിയിലെത്തി നിൽക്കുകയാണ്.
നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ബോർഡർ റോഡ്സ് ഓർഗൈനസേഷൻ, ഐഎസ്ആർഒ, ഇന്ത്യൻ മിറ്റിരീയോളജിക്കൽ ഡിപ്പാർട്ട്മെന്റ്, കൃഷിമന്ത്രാലയം, മൂന്ന് സേനാവിഭാഗങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന എന്നിവയെക്കൂടാതെ ഭവന നിർമാണത്തിനായി രാജീവ് ഗാന്ധി റൂറൽ ഹൗസിംഗ് കോർപറേഷനുമാണ് കുടകിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വീടു പുനർനിർമാണത്തിന് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ക്യാന്പുകളിൽ കഴിയുന്നവരെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിടിച്ചിലിനെക്കുറിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും, ഭൂചലനങ്ങളെക്കുറിച്ച് നാഷണൽ ജിയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസം, കൃഷി, നിർമാണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ദുരന്തമേഖലയിലെ പുനരധിവാസപ്രവർത്തനങ്ങളിൽ കർണാടകം യുദ്ധ കാലാടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്പോൾ കേരളത്തിൽ ദുരന്ത മേഖലയിലെ റോഡിലെ കുഴി പോലും അടയ്ക്കാൻ കഴിയാതെ കേരള സർക്കാർ അന്ധാളിച്ചു നിൽക്കുകയാണ്. സർക്കാർ ഇനിയെങ്കിലും അടിയന്തരമായി ദുരന്ത മേഖലയിലെ റോഡ് നിർമാണം ഉൾപ്പെടെയെുള്ള പുരനധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.